Saturday, December 28, 2019

തലപോയൊരു പോക്കേയ്..

പതിവ് പോലെ അന്നും കൃത്യസമയത്ത് തന്നെ നേരം വെളുത്തെന്ന് തോന്നുന്നു. അതൊന്നും കാര്യമാക്കാതെ ഞാൻ പിന്നേം കിടന്നുറങ്ങി.
പതിവിലും വിപരീതമായി പുറത്ത് നിന്നും ഒരു കുശ് കുശ് (വണ്ടി ഇപ്പോ എത്തും, അതിന് ഓൻ ഒറങ്ങാണ്) ശബ്ദം കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്. സാധാരണ ഇങ്ങനെ ഒന്നും കേൾക്കാറില്ലല്ലോ, ഇന്നിതെന്ത് പറ്റി എന്ന് ആലോചിച്ചും കൊണ്ട് അഴിഞ്ഞ് പോയ ട്രൗസർ വലിച്ച് കയറ്റി, ഉറക്കച്ചടവോടെ ഹാഫ് വേവായ കണ്ണും തിരുമ്മി ഫുൾവേവ് ആക്കാൻ ശ്രമിച്ച് കൊണ്ട് ഇമ്മച്ചീ എന്നും വിളിച്ച്  ഉമ്മറത്തേക്ക് ചെന്നു.

ഉമ്മറത്ത് ഉപ്പയുടെ അനിയനും (കൊച്ചാപ്പ), ഓട്ടോ മാമനും, കൂടെ എന്തിനും തയ്യാറായ നാലഞ്ച് തടിയന്മാരും  നിൽക്കുന്നു, അള്ളാഹ് ഇവരൊക്കെ ഇതെന്തിനുള്ള പുറപ്പാടാ? ഇവരിത്ര നേരത്തെ എന്തിനാ ഇവിടെ വന്നത്? എന്നിങ്ങനെ കുറേ ചോദ്യങ്ങൾ, ചോക്ക് പോയ ട്യൂബ് പോലെ എന്റെ കുഞ്ഞ് തലയിൽ മിന്നി മറഞ്ഞു. ഞാനിന്നലെ കുരുത്തക്കേടൊന്നും കാണിച്ചില്ലല്ലോ എന്നോർത്ത് ഞാൻ അന്തംവിട്ട്, തല പോയതെങ്ങിൽ നോക്കി ആലോചിച്ച് നിന്നു. എല്ലാരും എന്നെത്തന്നെയാണ് നോക്കുന്നത് എന്ന് കണ്ടപ്പോൾ ഞാൻ വേഗം വന്ന വഴിയേ അകത്തേക്ക് വലിഞ്ഞു. പലരുടെയും മുഖത്ത് പല പല ഭാവങ്ങൾ മിന്നിമറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.

ഉമ്മ ഇവരൊക്കെ എന്തിനാ വന്നത് എന്നും ചോദിച്ച് ഞാൻ അടുക്കളേൽ ചെന്നു. (നല്ല പത്തിരിയുടെയും കോഴിക്കറിയുടെയും മണം അടുക്കളയിൽ നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു). "അതെക്കെ ഉണ്ട്. മോൻ പോയി പല്ല് തേച്ച് കുളിച്ച് വാന്നും" പറഞ്ഞ് തലയിൽ എണ്ണയും പുരട്ടി തന്ന് ഉമ്മ എന്നെ കുളിമുറിയിലേക്ക് പറഞ്ഞ് വിട്ടു. ഈ ഉമ്മക്ക് ഒക്കെ ഇതെന്ത് പറ്റി എന്നും ചിന്തിച്ച് പല്ല് തേപ്പും കുളിയും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് കൊച്ചാപ്പയുടെ ഭാര്യ പുതിയ മുണ്ടും ഷർട്ടും കൊണ്ട് തന്നത്.

ഇന്നെന്താ എല്ലാർക്കും എന്നോട് ഭയങ്കര ഇഷ്ടം എന്ന് ചിന്തിച്ച് കൊണ്ട് ഞാൻ ഷർട്ടിട്ടു. ഉമ്മവന്ന് മുണ്ട് ഉടുത്ത് തന്നു. അടുക്കളയിൽ എത്തിയതും കോഴിക്കറിയും പത്തിരിയും എടുത്ത് വെച്ചിട്ടുണ്ടായിരുന്നു.

ഇന്ന് എന്താ ഉപ്പ വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോ മറുപടി പറഞ്ഞത് വല്ലിമ്മ ആയിരുന്നു. " ഇന്ന്ന്റെ കൂട്ടീന്റെ കല്യാണല്ലേന്നും പറഞ്ഞ് " തലയിൽ തലോടി പ്ലേറ്റിൽ പത്തിരി ഇട്ട് തന്നു.

കോഴിക്കാലും കടിച്ച് വലിച്ച് തിന്നുന്നതിനിടക്കാണ് എനിക്ക് ഹാഷിൽന്റെ കല്യാണം കഴിഞ്ഞതും ഞാൻ കാണാൻ പോയതും ടെന്റടിച്ച പോലത്തെ കൂട്ടിൽ അവനെ കിടത്തിയതും ഓർമ്മ വന്നത്. തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പോലെ എന്റെ നെഞ്ച് കിടന്ന് അടിയോടടി തുടങ്ങി. ഒസാൻ ഒരു മുട്ടിയുമായി വരുന്നതും കോഴീ നെ വെട്ടുന്ന കത്തി കൊണ്ട് എന്റെ കുഞ്ഞാണീടെ തല വെട്ടുന്നതുമായിരുന്നു എന്റെ മനസ്സിൽ. കണ്ണിലാകെ ഇരുട്ട് കയറി. എണീറ്റ് ഓടാൻ നോക്കി, പക്ഷേ കാല് അനങ്ങുന്നില്ല. ഉമ്മാ എനിക്ക് കല്യാണം ഇപ്പോ വേണ്ടാന്നും പറഞ്ഞ് കരയാനേ എനിക്ക് കഴിഞ്ഞുള്ളു.

സുന്നത്ത് കല്യാണം കഴിഞ്ഞാൽ കിട്ടുന്ന സമ്മാനങ്ങളുടെ ഒരു പട്ടി ക തന്നെ പറഞ്ഞ് ഉമ്മ എന്നെ ഒരു വിതത്തിൽ സമാധാനിപ്പിച്ചു.  കഴിച്ച് മുഖം ഒക്കെ കഴുകി തന്നു.

പിന്നേ കേൾക്കുന്നത് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന സൗണ്ടായിരുന്നു. കേൾക്കേണ്ട താമസം ഞാൻ വീടിന്റെ പിന്നിലേക്കോടി. എന്റെ ഓട്ടം കണ്ടപ്പോ തന്നെ ഉമ്മയും പിന്നാലെ കൂടി. ഞാൻ ഓടടാ ഓട്ടം. പിന്നാലെ കട്ടക്ക് വിട്ട് തരില്ലാന്ന് പറഞ്ഞ് ഉമ്മയും.

ഓടി ഓടി ഞാൻ വന്ന് പെട്ടത് തടിയന്മാരുടെ മുന്നിൽ, തടിയന്മാരിൽ ഒരാളായ നസീർക്ക, പരുന്ത് കോഴിക്കുട്ടിയെ റാഞ്ചുന്നത് പോലെ എന്നെ കോരി എടുത്ത് വായുവിൽ നിർത്തി. ഞാൻ പെൻഡുലം പോലെ കിടന്നാടി. എല്ലാം കഴിഞ്ഞു എന്ന് കരുതിയ നേരത്താണ്. മേലെ പറമ്പിൽ നിന്ന് പൂവി എന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടത്. എന്റെ കളിക്കൂട്ടുകാരിയാണ് പൂവി. അത് വരെ വയലന്റ് ആയിരുന്ന ഞാൻ പെട്ടന്ന് സൈലന്റായി കൊച്ചാപ്പയുടെ അടുത്ത് പോയി നിന്നു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഉമ്മ, വല്ലിമ്മ വന്ന് ഓരോ ഉമ്മ തന്ന് എന്നെ യാത്രയാക്കി. അകലെ എവിടെയോ കാലൻ കോഴി കൂവി. ഓട്ടോയിലുടനീളം എന്റെ ചിന്ത കുഞ്ഞാണി മുറിക്കുന്നതിനെ പറ്റിയും, ബാത്റൂമിൽ പോകുന്നതിനെ പറ്റിയും ആയിരിക്കണം.

നേരെ ഹോസ്പിറ്റലിൽ എത്തി. ഡോക്ടറേ കണ്ടു. ഡോക്ടർ എന്നെ കണ്ട് ഒരു ചിരി ചിരിച്ചു. കൊലച്ചിരി ദുഷ്ടൻ. എന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. മലർത്തിക്കിടത്തി. ഞാൻ കമിഴ്ന്ന് കിടന്നു. വിണ്ടും മലർത്തി കിടത്തി വീണ്ടും ഞാൻ കമിഴ്ന്ന് കിടന്നു. അടുത്ത പ്രാവശ്യം മലർത്തി കിടത്തി കൂടെ കാല് രണ്ടും കൊച്ചാപ്പയും കൈ രണ്ടും ഒരു നഴ്സും അമർത്തിപ്പിടിച്ചു. യെസ്. അയാം ട്രാപ്പ്ഡ്…

ഡോക്ടർ എന്നെ നോക്കി ദയനീയമായൊന്ന് ചിരിച്ചു. ഞാൻ ഉടുത്ത മുണ്ട് ആരോ അഴിച്ച് മാറ്റി. എ സി യുടെ തണപ്പ് അടിച്ചത് കൊണ്ടാണെന്ന് തോന്നുന്നു സുഖം തോന്നി.

എന്തോ ഒരു സാധനം അവിടെ തൊട്ടപ്പോൾ നല്ല തണുപ്പും. പിന്നെ ഒരു സൂചി കുത്തിയതും, എന്തോ ഒന്ന് വലിച്ചെടുക്കുന്ന പോലെ ഒരോർമ്മയും. പിന്നേ നോക്കിയപ്പോൾ അരക്ക് താഴെ ഒരു തുണിക്കെട്ടും അതിന് മുകളിൽ ഒരു ചുവന്ന പൊട്ടും. ഇതിനിടക്ക് ആരോ എനിക്ക് വീണ്ടും മുണ്ടുടുപ്പിച്ച് തന്നു. ഇടക്ക് ഞാനൊന്ന് പാളി നോക്കിയപ്പോൾ മുഴുവൻ മുറിച്ചോണ്ട് പോയില്ല എന്ന് മനസ്സിലായി. ഞാൽ അതോർത്ത് സമാധാനിച്ചു. ആകെ ഒരു തരിപ്പ് പോലെ തോന്നി.

കുടുംബക്കാരും അയൽവാസികളും ഒക്കെ എന്നെ കാണാൻ വരാൻ തുടങ്ങി. എല്ലാവരുടെ കയ്യിലും പലഹാര പൊതികൾ ഉണ്ടായിരുന്നു. അതിനുള്ളിൽ നാടൻ കോഴിമുട്ടയും, പഴവും അണ്ടിപ്പരിപ്പും മുന്തിരിയും ഹോർലിക്സും ഒക്കെയാണെന്ന് ഉമ്മ സ്വകാര്യമായി കാതിൽ പറഞ്ഞപ്പോൾ വേദനക്ക് ഒരാശ്വാസം തോന്നി.

ചില കൈകൾ എന്റെ തലയണക്കടിയിൽ പോയി നോട്ടുകളും, ചില്ലറകളും നിക്ഷേപിച്ചപ്പോൾ വേദന കുറച്ച് കൂടെ കുറഞ്ഞു. പിന്നെ പിന്നെ വരുന്നവർ മുണ്ടിൽ പിടിച്ച് പൊക്കി നോക്കാൻ തുടങ്ങി. വാഴക്കുല കെട്ടിതൂക്കി പഴുക്കാൻ വേണ്ടി മറച്ച് വെച്ചത് പഴുത്തോ എന്ന് നോക്കുന്നത് പോലെ. അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയതിനാൽ എന്റെ മട്ടും ഭാവവും മാറാൻ തുടങ്ങി.

ഇത് കണ്ട ഉമ്മ ഉണക്കം നോക്കാണെന്നും പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. ഉണക്കം നോക്കിയ ശേഷം ചില പെണ്ണുങ്ങൾ എന്റെ മുഖത്ത് നോക്കി ഒരു ആക്കിയ ചിരി ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് നാണം തോന്നി.

അങ്ങനെ ബാലൻസുള്ള വേദന സഹിച്ച് ഞാനങ്ങനെ കിടക്കുമ്പോഴാണ് ഒരു ഗ്ലാസ് ഹോർലിക്സുമായി പൂവി കയറി വന്നത്. അവളെന്റെ മുണ്ട് പൊക്കി ഉണക്കം നോക്കിയില്ല. എന്നെ കളിയാക്കി ചിരിച്ചില്ല. ഹോർലിക്സ് എന്റെ കയ്യിൽ തന്ന് എന്റെ അടുത്തിരുന്ന് തലയിൽ തലോടി "നല്ല വേദന ഉണ്ടോ ആദീ" എന്ന് ചോദിച്ചപ്പോൾ ആണ് അവൾക്കും എന്നോട് ശരിക്കും ഇഷ്ടം ഉണ്ടെന്ന് എനിക്ക് മനസ്സിലായത്. ഞാൻ " ഉം " എന്ന് ഒന്ന് മൂളി.

ദിവസങ്ങൾ കടന്ന് പോയി. ഒരു വെള്ളിയാഴ്ച കൂട്ടുകാരും കുടുംബക്കാരുമൊത്ത് ആദിയും ഔദ്യോഗികമായി പള്ളിയിൽ പോയി.

അന്ന് വീട്ടിൽ ഉത്സവം ആയിരുന്നു. കോഴിബിരിയാണിയും, പോത്ത് വരട്ടും, ഹോ.…

രണ്ട് മാസത്തെ വിശ്രമത്തിന് ശേഷം പട്ടിണിക്കോലത്തില്‍ നിന്നും രൂപമാറ്റം വന്ന് വെളുത്ത ശരീരവും തടിച്ച് കൊഴുത്ത കവിളുകളുമായി പുത്തന്‍ തുണിയൊക്കെ ഉടുത്ത് മദ്രസയില്‍ ചെന്നപ്പോള്‍ കൂട്ടുകാര്‍ക്ക് അറിയേണ്ടിയിരുന്നത് എനിക്ക് കിട്ടിയ സമ്മാനങ്ങളെ കുറിച്ചായിരുന്നു.Wednesday, December 25, 2019

വൃത്തികെട്ടവൻ....

പ്രണയം പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി, അടുത്ത ഇരയെ തേടി ഫേസ്ബുക്കും നോക്കി ഇരിക്കുമ്പോഴാണ് ഞാനത് കേട്ടത്.

"ക്ണിം കിണി കിണി കിണി ക്ണിം..."


പേടിച്ചിട്ടാകണം ഉമ്മ വിളിച്ച് ചോദിച്ചു .
"എന്താണ്ട ആദി അവിടെ ഒരു ഒച്ച".?

ഞാൻ പറഞ്ഞു, "പേടിക്കണ്ട ഞാനൊന്നും പൊട്ടിച്ചില്ല. മെസ്സഞ്ചറിൽ മെസ്സേജ് വന്ന സൗണ്ടാണ്".ഞാൻ മെസ്സഞ്ചർ തുറക്കാൻ പോകും എന്ന് അറിയുന്നത് കൊണ്ടാവണം, ഫേസ്ബുക്ക് തന്നെ ഒരു ബലൂണിലാക്കി മെസ്സേജിനെ എന്റെ മുന്നിലെത്തിച്ചു.

മെസ്സേജ് തുറന്നതും എന്റെ നെഞ്ചിലൂടെ ഒരു പിടച്ചിൽ (എങ്ങോട്ടാണെന്നറിയാത്ത ഗുഡ്സ് ട്രെയിൻ കടന്ന് പോകുന്ന പോലെ) കടന്ന് പോയി.


അറഞ്ചം പുറഞ്ചം, അഞ്ചെട്ട് ലൗ സ്മൈലി ദാ കിടക്കുന്നു വാഴ വെട്ടിയിട്ട പോലെ എന്റെ മുന്നിൽ.ഞാന്‍ ആ പേരിലേക്കൊന്ന് നോക്കി. "ആതിര വാവ".


മനസ്സിലൊരു ലഡ്ഡു പൊട്ടാനായി തയ്യാറായി നിൽക്കുമ്പോഴാണ് അവളുടെ അടുത്ത മെസ്സേജ്‌ വന്നത്...

"സോറി അറിയാതെ സെന്റായിപ്പോയതാ..."

പാവമായ ഞാൻ.
എന്റെ ശുദ്ധഗതിക്ക് ഞാനത് വിശ്വസിച്ചു .

പോട്ടേ സാരമില്ലാന്നു ആ കൊച്ചിനെ ആശ്വസിപ്പിച്ചു..

പിന്നെയവൾ ചുംബന സ്മൈലി അയച്ചപ്പോഴും അതു തന്നെ പറഞ്ഞു.

"സോറി അറിയാതെ സെന്റായിപ്പോയതാ..."

ഞാൻ പഴയ പോലെ ഒന്നൂടെ വിശാല ഹൃദയനായി പോട്ടേ സാരമില്ലാന്ന് പറഞ്ഞു.

അതൊക്കെ സ്വാഭാവികമാണെന്ന് കൂടെ കൂട്ടിച്ചേർത്തു.

പുട്ടിന്റെ കൂടെ തേങ്ങയെന്ന പോലെ.


ദിവസങ്ങൾ പിന്നേയും ഒരു കാര്യോമില്ലാണ്ടങ്ങനെ കടന്നു പോയി.

ഇടക്കൊരു ദിവസം ചാറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഒരു മെസ്സഞ്ചർ കാൾ.

അതും വീഡിയോ കാൾ.

ഇത് കാര്യായിട്ട് തന്നാവും എന്ന് കരുതി, ഞാൻ വേഗം മുഖമൊക്കെ വാഷ്‌ ചെയ്ത് റെഡി ആയപ്പോഴേക്കും കാൾ കട്ടായി.

പുറകെയൊരു മെസ്സേജും.

"സോറി അറിയാതെ പ്രെസ്സായതാ..."

സജീവ് എടത്താടൻ ആയി മാറിയ ഞാൻ അതും ക്ഷമിച്ചു.


പിറ്റേന്ന് വൈകീട്ട് കട്ടനൊക്കെ കുടിച്ച് പതിവു പോലേ ചാറ്റൽ മഴ നനയുമ്പോൾ, ഞാനറിയാതെ ഒരു ചുംബന സ്മൈലി പറന്നങ്ങു പോയി അവളുടെ ചാറ്റ് ബോക്സിൽ ചെന്ന് പതിച്ചു...

എനിക്ക് ഒരു സോറി പറയാൻ പോലും അവസരം തരാതെ അവളുടെ മെസ്സേജ്‌ വന്നു."ഛെ... നിങ്ങളിത്ര വൃത്തികെട്ടവനാണെന്ന് വിചാരിച്ചില്ല".

അപ്പോ ഞാനാരായി?