Thursday, January 23, 2020

കാലൻ കോഴി


കാലന്റെ വരവറിയിക്കാനെന്ന പോലെ കാലൻ കോഴി പൂവ്വാ... പൂവ്വാ... എന്ന് കൂവി വിളിച്ച് കൊണ്ടേയിരുന്നു.

 പൂവ്വാ… പൂവ്വാ!

ആ വിളിക്ക് പുറകെയാണ് കഴിഞ്ഞ തലമുറകളിലെ മുത്തച്ഛന്‍മാരും മുത്തശ്ശിമാരും ഒക്കെ പോയതെന്നും, കാലന്‍ കോഴികളുടെ വിളികേള്‍ക്കുമ്പോള്‍ മരിക്കാന്‍ തയാറായിട്ടില്ലായിരുന്നവര്‍ നാരായണ, നാരായണ എന്ന് പറഞ്ഞ് മരണമൊഴിവാക്കുമായിരുന്നു എന്നൊക്കെ പറഞ്ഞ് കേട്ട അറിവേ എനിക്കുണ്ടായിരുന്നുള്ളു. ഇന്നാകട്ടെ കാലന്‍ കോഴി വിളിച്ചാല്‍ ആരും പോകാറുമില്ല. നാരായണ, നാരായണ എന്നു പറയാറുമില്ല. "ഇഞ്ഞൊന്ന് പോണുണ്ടോ ആട്ന്ന് . വെർതെ മനുഷ്യന്റെ ഉറക്കം കളയാൻ" വെല്ല്യുമ്മ പിറുപിറുത്ത് തിരിഞ്ഞ് കിടന്നു.


ആത്മഹത്യക്കുറിപ്പിലെ അവസാന അക്ഷരവും പൂർത്തിയായിരിക്കുന്നു. അവളെ കുറിച്ചെഴുതാൻ ഇനിയീ തൂലിക ചലിക്കില്ല.
ഉച്ഛ്വാസനിശ്വാസങ്ങൾക്ക് മട്ടുപ്പാവിലെ കാറ്റിനേക്കാൾ വേഗത കൂടി. ഹൃദയമിടിപ്പിന് മരണത്തെ പുൽകാനുള്ള വ്യഗ്രത.
ജീവിക്കാൻ പഠിപ്പിച്ചവൾ തൻ്റെ മരണത്തിനും സാക്ഷിയാവട്ടെ.
എൻ്റെ പ്രിയപ്പെട്ടവൾ, അവളെന്റെ ആത്മഹത്യക്ക് ഉത്തരവാദിയാകട്ടെ.

ആത്മഹത്യാ കുറിപ്പിലെ അക്ഷരങ്ങൾ എനിക്ക് നേരെ നോക്കി പല്ലിളിക്കുന്നു. അവ ഓരോന്നും എൻ്റെ മരണം അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുന്നു.

എന്റെ എല്ലാമെല്ലാമായ കൂട്ടുകാരെ , ജീവരക്തമൊഴുകുന്ന എന്റെ ഹൃദയത്തെ മറ്റൊന്നും ആലോചിക്കാതെ അവളുടെ മുന്നിൽ അടിയറവു വച്ചവനാണ് ഞാൻ.

കണ്ണുകൾ അനുവാദം കൂടാതെ നിറഞ്ഞ് നിറഞ്ഞ് വന്നു. കരയുന്നത് എന്തിന്!.
കലിയോടെ ഞാൻ പുറംകൈ കൊണ്ട് കണ്ണീരിനെ തൂത്തെറിയാൻ നോക്കി. മായ്ക്കാൻ ശ്രമിക്കുന്തോറും അത് കുത്തി ഒഴുകുകയാണ്, അവളെ കുറിച്ചുള്ള ഓർമ്മകൾ പോലെ.
വെല്ല്യുമ്മ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ  കമിഴ്ന്ന് തലയിണയിൽ മുഖം അമർത്തി കിടന്നു.

എനിക്ക് ആരായിരുന്നു അവൾ?
അറിയില്ല. ഒന്നറിയാം എന്റെ ജീവനായിരുന്നു. എന്റെ എല്ലാമെല്ലാം ആയിരുന്നു. എന്നിട്ടും അവളെന്നെ.…


എന്റെ ചിന്തകൾ കാട്കയറി...
അവളെ ആദ്യമായി കണ്ടതും, പ്രണയം പറഞ്ഞതും, അവൾ മറുപടി തന്നതും. കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും, കുസൃതികളും എല്ലാം മനസ്സിൽ മിന്നിമറഞ്ഞു.

എവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്? പൊറുക്കാൻ പറ്റാത്ത എന്ത് തെറ്റാണ് ഞാൻ ചെയ്തത്?
എന്നെ വെറുക്കാൻ മാത്രം എന്താണ് സംഭവിച്ചത്?.
അവൾക്ക് എന്നെ എങ്ങനെ മറക്കാൻ സാധിച്ചു?.

ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങൾ എന്റെ ഉള്ളിൽ നിറഞ്ഞാടി. അറിയില്ല. അവൾ ഒന്നും പറഞ്ഞില്ല എന്ന് പറയുന്നതാവും ശരി.

''നമ്മൾ തമ്മിൽ ചേരില്ല. എന്റെ വീട്ടുകാർക്ക് നമ്മുടെ ബന്ധത്തിൽ താൽപര്യമില്ല. നീ എന്നെ മറക്കണം''. അവസാന വാക്ക്.

   അവള്‍ എന്റേത് മാത്രമാണെന്ന് ഞാനും ഞാൻ അവളുടേത് മാത്രമെന്ന് അവളും മനസ്സില്‍ ഉറപ്പിച്ച് കഴിഞ്ഞിരുന്നു. ലോകവും സമൂഹവും ഞങ്ങളെ അഗീകരിക്കുമെന്ന് തോന്നുന്നില്ല. മിക്ക പ്രണയ കഥയിലെയും പോലെ പണക്കാരിയായ നായിക. ദരിദ്രനായ നായകന്‍. അന്നന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപെടുന്ന നായകനോട് നായികയ്ക്ക് സ്നേഹം. ഇതൊക്കെ എത്രയോ കണ്ടിരിക്കുന്നു.  പക്ഷെ പ്രണയത്തിന്‍ മാറ്റമില്ല. പ്രണയിക്കാന്‍ ജാതിയും മതവും ഭാഷയും സൗന്ദര്യവും ഒന്നും ആവശ്യമില്ല. രണ്ടു മനസ്സ് മാത്രം മതി. അത് വല്ലോം അവൾക്ക് മനസ്സിലാകുമോ? അല്ലെങ്കിലും നഷ്ടം എന്നും എനിക്കായിരുന്നല്ലോ.  ഒരു തേങ്ങൽ പുറത്ത് വന്നു. ഞാൻ എണീറ്റ് പുറത്ത് പോയി.

തൊട്ടടുത്ത് ആരോ വന്നിരുന്ന് മുതുകിൽ തലോടിയപ്പോഴാണ് തല ഇളക്കിയത്.

ഞാൻ അനിഷ്ടത്തോടെ ചരിഞ്ഞ് ചുമരിനടുത്ത് കിടന്നു. കണ്ണുനീർ വന്നുകൊണ്ടേ  ഇരുന്നു. "ന്താപ്പോ ന്റെ കുട്ടിക്ക് പറ്റിയെ? ഇങ്ങനെ സങ്കടപ്പെടാൻ" കയ്യിൽ തടവികൊണ്ട് വല്ല്യുമ്മ ചോദിച്ചു. ശബ്ദമില്ലാത്ത കരച്ചിൽ മാത്രമായിരുന്നു എന്റെ മറുപടി.

എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നെങ്കിലും, നാവ് അനങ്ങുന്നില്ല, ശ്വാസം തൊണ്ടയിൽ കുടുങ്ങി. കണ്ണ് ചെറുതായി മറിയാൻ തുടങ്ങിയിരിക്കുന്നു. സകല ഞരമ്പുകളും വേദനയാൽ പുളഞ്ഞു. ജീവിക്കാനുള്ള ആസക്തി പൂർവ്വാധികം വളർന്നു. വയറിൽ ആകെ ഒരു തിരയിളക്കം. വായിൽ നിന്നും ഒലിച്ചിറങ്ങിയ മണ്ണെണ്ണയും ചോരയും തലയിണയെ കുതിർത്തു.  ബോധം പതിയെ മറഞ്ഞു.

സ്റ്റോർ റൂമിൽ നിന്നും എടുത്ത മണ്ണെണ്ണ കണ്ണsച്ച് കുടിച്ചപ്പോൾ ഞാൻ പിടഞ്ഞില്ല, ഞരങ്ങിയില്ല.
അത് മോചനമായിരുന്നു.
എന്റെ, സങ്കടങ്ങളിൽ  നിന്നുള്ള മോചനം.
സ്വാതന്ത്യം ലഭിച്ച സങ്കടങ്ങളുടെ ആർപ്പുവിളികൾ എൻ്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഇനിയെനിക്കുറങ്ങാം എന്നെന്നേക്കുമായ്..


"അള്ളാ ന്റെ ബദ്രീങ്ങളേ.… മോനെ നീ എന്താ ഈ കാണിച്ചേ" അവസാനമായി കേട്ടത് ഇതായിരുന്നു.

ടേബിളിൽ തുറന്ന് വെച്ച പുസ്തകത്തിൽ അന്ന് ഇങ്ങനെ എഴുതിയിരുന്നു.

"ഒരിക്കൽ നീ എൻ വിളിക്കായ് കാതോർക്കും,
എന്നോടൊന്ന് മിണ്ടുവാനായി നിന്റെ ചുണ്ടുകൾ വിതുമ്പും,
അന്ന് നിറഞ്ഞ് തുളുമ്പുന്ന നിന്റെ കണ്ണുനീർ,
നീ അറിയാതെ പോയ എന്റെ സ്നേഹത്തിന്റെ ആഴമായിരിക്കും.
അന്ന് ഞാൻ ഒരു പാട് ദൂരെ ആയിരിക്കും,
ഓടിയെത്താൻ കഴിയാത്തത്രയും ദൂരെ.

അന്ന് എന്റെ ചുറ്റുമുള്ള അനേകായിരം നക്ഷത്രങ്ങളോടായി നിന്നെ ചൂണ്ടി ഞാൻ പറയും,
ആ കാണുന്നതായിരുന്നു എന്റെ ജീവൻ എന്ന്.
കളഞ്ഞു പോയ എന്റെ സ്വപ്നം എന്ന്"



 അരുതേ എന്ന് മനസ്സ് ആയിരം വട്ടം വിലക്കിയപ്പോഴും ആ മനസ്സിനെ പ്പോലും വെറുത്തു നിന്നെ പ്രണയിച്ചത്.
മറക്കാൻ കഴിയാതെ മനസ്സിൽ നിന്ന് മായ്ക്കാൻ കഴിയാതെ മൗനമായ എന്റെ പ്രണയം.
നീ അറിയാത്ത എന്റെ പ്രണയം.
 മരിക്കാത്ത ശരീരവും മരിച്ച മനസ്സും
എനിക്ക് സമ്മാനിച്ച പ്രണയം.
 ആ പ്രണയ ഓർമ്മകളാണ് ഇന്ന് എന്റെ അക്ഷരങ്ങൾ.

ഈ അക്ഷരങ്ങളെ ഇന്ന് ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നു....

Thursday, January 16, 2020

എന്‍റെ പ്രണയം....

'സ്കൂളില്‍ പഠിക്കണ കാലത്ത് പതിവ് പോലെ ഒരു ഇന്‍റെര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന ഞാനും നടകയറി ഓടിപ്പോവുകയായിരുന്ന അവളും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്ന് മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം. വീഴ്ച്ചയുടെ ഓര്‍മ്മക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാട് വീണു. അതോടെ അവളുടെ സൌന്തര്യം മുഴുവന്‍ പോയി എന്ന് അവളുടെ ഉമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നത് ഞാന്‍ കേട്ടു.


ഞാനെന്തു ചെയ്യാന്‍? ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അത് ചെയ്തില്ല.


അവളുടെ സൗന്ദര്യം എന്ന് പറയണ ആ സാധനണ്ടല്ലോ അതിനെക്കുറിച്ച് അന്ന് എനിക്ക് വല്യ പിടി ഉണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞു പോയി എന്ന് അവളുടെ ഉമ്മ പറഞ്ഞതിനാലാവണം അവള്‍ക്ക് കുറഞ്ഞ തോതിലെങ്കിലും സൗന്ദര്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട് എന്ന് ഞാനങ്ങു വിശ്വസിച്ചു.

അവിടെയായിരിക്കണം തുടക്കം.


പപ്പടം പോലെ നെറ്റിയുടെ വലതുഭാഗത്ത്‌ ഒരിക്കലും മായാത്ത പാടായി വീണ ആ മുറിവുണ്ടല്ലോ... അതായിരുന്നു എന്‍റെ പ്രണയം... അതിന്‍റെ വേദനയും നീറ്റലും മാറിക്കഴിഞ്ഞ് അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്ന് മുതല്‍ ഞാന്‍ അവളെ പ്രേമിക്കാന്‍ തുടങ്ങി. എനിക്കല്ലാതെ അന്ന് കൂടെപടിക്കണ വേറൊരുത്തനും അന്ന് പ്രേമം എന്തെന്ന് അറിയില്ലായിരുന്നു. അത് കൊണ്ട് ആണോന്ന്‍ അറിയില്ല എനിക്ക് എന്നോട് തന്നെ വല്ലാത്ത സ്നേഹവും ബഹുമാനവും ഒക്കെ തോന്നി. പക്ഷേങ്കി ഓള്‍ക്ക് എന്നോട് ഇല്ലാത്തതും അതായിരുന്നു.


അന്നത്തെ ആ കൂട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ട് പോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രമിച്ചായി അവളെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളെ നെറ്റിയിലുള്ളതിനേക്കാള്‍ വലിയ മുറിപ്പാടുണ്ടാക്കി.


ആ മുറികളില്‍ നിന്നും ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍പോലും അറിയാതെ. അതങ്ങനെ വളര്‍ന്ന് വളര്‍ന്ന്‍ പാഷന്‍ ഫ്രൂട്ടിന്‍റെ വള്ളി പടര്‍ന്ന്‍ പന്തലിക്കണ പോലെ പന്തലിച്ചു. ഇനിയെന്നീ ചെമ്പകം പുഷ്പിക്കും എന്നറിയാതെ ഞാന്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ നടന്നു.


മിക്സഡ്‌ സ്കൂളിന്‍റെസ്വാതന്ത്ര്യങ്ങളില്‍ നിന്ന് ആണ്‍കുട്ടികളും പെണ്‍ കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലെക്ക് പഠനം മാറിയപ്പോള്‍ ആയിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്. അവളെ എങ്ങനെയെങ്കിലും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത അജണ്ട.


തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ. എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നും അവള്‍ക്ക് വേണ്ടി ഞാന്‍ പ്രണയലേഖനം എഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക് നല്‍കി പോരുകയും ചെയ്തു.


ആഴ്ചകളും മാസങ്ങളും അത് തുടര്‍ന്നു. ഞാന്‍ അങ്ങോട്ട് കൊടുത്ത പ്രണയ ലേഖനങ്ങളുടെ എണ്ണം 100 തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി. രണ്ടും കല്‍പ്പിച്ച് വീട്ടിലേക്ക് ഓടിയ ഞാന്‍ പുസ്തകം എവിടേയോ വലിച്ചെറിഞ്ഞു. റൂമില്‍ പോയിരുന്ന് ആ വിശുദ്ധ ലേഖനം ഞാന്‍ പൊട്ടിച്ചു. ആര്‍ത്തിയോടെ അതില്‍ നോക്കിയ എനിക്ക് ഒരേയൊരു വാജകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെ ആയിരുന്നു.


മേലാല്‍ എന്‍റെ പുറകെ നടക്കരുത്.............!


അതൊരു മുന്നറിയിപ്പായി എനിക്ക് തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കത് കൈമാറി. ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്, വായിക്കുമല്ലോ? അവള്‍ വായിച്ചുകാണും. അതിങ്ങനെയായിരുന്നു...


"നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം.....!"

അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളചെടുക്കുകയെന്ന ദുഷ്ക്കരമായ ആ കടമ്പ ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നുതന്നെ പറയാം. വളച്ചെടുത്ത് കഴിഞ്ഞ് പിന്നെ മേയ്ചോണ്ട് നടക്കാനായിരുന്നു അതിലും പാട്. വല്ലാതെ ബുദ്ധിമുട്ടി. പെടാപ്പട്പെട്ട് കഴിഞ്ഞ ആറേഴ് വര്ഷം ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചു.








ഏല്ലാ പ്രണയങ്ങളുടെയും അവസാനം നടക്കുന്ന ട്രാജടിപോലെ ഞങ്ങളും കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെതന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷെ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ട് സംരക്ഷിച്ച് പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം കല്യാണം കഴിച്ചേ തീരൂ....


അവളുടെ വീട്ടില്‍ കല്ല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്മാരുടെ കല്ല്യാണം പോലും ആലോജിച്ചു തുടങ്ങിയിട്ടില്ല. അവളെ ഉപ്പ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളേജില്‍ പോക്കുനിന്നു. എന്നും കട്ടന്‍ കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ ചമഞ്ഞ് ചെന്ന് നില്‍ക്കാനും, പിന്നെ ആട്ടിന്‍കൂടിനടുത്ത് വെച്ച് നടക്കുന്ന സൗഹൃദ അഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി. എനിക്കായിരുന്നു തിരക്കേറെ, എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ധേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കി പോന്നു.


പടച്ചവനു നന്ദി. ഈ പടച്ചവന്‍ തന്നെയായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ. അവളുടെ ഉപ്പ ഇറച്ചി വെട്ടുകാരന്‍ റഷീദിക്കാക്ക് മുന്നില്‍ ഞാന്‍ വെറും പുഴുവായിരുന്നു സ്വന്തമായി ജോലിയും കൂലിയും ഇല്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണ് തരില്ല എന്നതായിരുന്നു അവസ്ഥ. ഈ ദുരവസ്ഥയില്‍ പല വഴിക്ക് മണിയടിക്കാന്‍ നോക്കിയിട്ടും പടച്ചവന്‍ കനിഞ്ഞില്ല.


അവളുടെ സമ്മതമില്ലാതെ അവളെ കല്യാണം ഉറപ്പിച്ചു. അവള്‍ കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്ക് പൊട്ടി. ഇനിയിപ്പോ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിന് മുന്‍പ് ഒഫീഷ്യലായി അവളെ വീട്ടില്‍ പോയി പെണ്ണ് ചോദിക്കണം. അതിനും മുന്‍പ് എന്‍റെ വീട്ടില്‍ കാര്യം അറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ ഉപ്പ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകും എന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ഞാനവളോട് അങ്ങനെ പറഞ്ഞദ്.


"നമുക്ക് ആത്മഹത്യ ചെയ്യാം..............!"


പണ്ടാറമടങ്ങാന്‍ അവളും അത് സമ്മതിച്ചു. പിന്നെ എങ്ങനെ മരിക്കണം എന്നായി ചര്‍ച്ച. തൂങ്ങിച്ചാകാന്‍ അവള്‍ക്ക് പേടിയായിരുന്നു, എനിക്കും. വിഷം കഴിച്ചാല്‍ മരിക്കും എന്നുറപ്പില്ല. കടലില്‍ ചാടിയാലും അത് തന്നെ സ്ഥിതി. ആ സ്ഥിതിക്ക് ട്രെയിനിനു തലവെച്ചു ചാകുകയാണ് ഉചിതമായവഴി എന്നവള്‍ പറഞ്ഞു. അതാവുമ്പോള്‍ ഒരു സെക്കന്‍റില്‍ തീരുമാനം ആകും.




മനസ്സില്ലാ മനസ്സോടെ ഞാനും സമ്മതിച്ചു. ട്രെയിന്‍ വരുന്ന വരെ പാളത്തില്‍ തലവെച്ചു കിടക്കുന്നത് വല്ലവരും കണ്ടാല്‍?? തലവെച്ച് കിടക്കുന്നതൊക്കെ പഴയ സ്റ്റയില്‍ ആണെന്നും ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ട് ചാടുന്നതാണ് പുതിയ സ്റ്റയില്‍ എന്നും അവള്‍ തിരുത്തി തന്നു. പിന്നെ ഒന്നും ആലോജിക്കാനുണ്ടായിരുന്നില്ല. നല്ലവണ്ണം പ്രാര്‍ഥിച്ച് കൂകിപാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.










ഡും....!!!

ഞങ്ങളും മരിച്ചു.

പത്ത് സെക്കന്‍റെടുത്ത് ഞങ്ങള്‍ സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തില്‍ കയറി മുബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന്‍ അപ്പോള്‍ ആണ് മനസ്സിലായത്.


ചെന്നപാടെ ദൈവത്തെ കേറി കണ്ടു.

ഭൂമിയില്‍ ഒരുമിച്ച് ജീവിക്കാന്‍ ഒരു നിവര്‍ത്തിയും ഇല്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വെച്ച് ഞങ്ങളുടെ കല്യാണം നടത്തി തരണം.


ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.


"ശരി ഒരു വര്‍ഷം ഇതിലെ പ്രേമിച്ച് നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ അതു കഴിഞ്ഞാവാം കല്യാണം" . ദൈവം റൊമാന്റിക്കായ കക്ഷിയാണെന്ന് മനസ്സിലായി. ചുമ്മാ അടിച്ചു പൊളിച്ചോളാനും പറഞ്ഞ് ഒരു വര്‍ഷത്തെ ഒഫറാണ് തന്നിരിക്കുന്നത്.


പിറ്റേന്ന് മുതല്‍ പരിപാടി തുടങ്ങി.


രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ച കഴിഞ്ഞ് വൈകീട്ട് മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം. ആദ്യഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു.പിന്നെ പതിയെപ്പതിയെ ബോറഡി തുടങ്ങി.


പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാല് വര്‍ത്തമാനം പറയുന്നതിനിടക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും ആവളുടെ ഉപ്പനെയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്ന്‍ സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.


എന്നിരുന്നാലും ദൈവം എന്ത് വിചാരിക്കും അവള്‍ എന്ത് വിചാരിക്കും എന്ന് കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു, അവളും.

എത്രകാലം ഇത് സഹിക്കും? പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍, അവളാണേല്‍ മുന്‍ശുണ്ടിക്കാരി. ഇത്രയുംകാലം ഇതൊന്നും പുറത്ത്‌ വന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണിപോലെ അവള്‍ കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നുവെച്ചാല്‍......


എനിക്കാ ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അത് പുറത്ത് കാട്ടിയില്ല. അവളെന്തു വിചാരിക്കും?!!.... അവളൊന്നും വിജാരിക്കില്ലെന്ന് മനസ്സിലായത് പിന്നീടൊരുദിവസം ആയിരുന്നു. എന്തോ പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ച്കളഞ്ഞു.


പിന്നെയൊരു ഭീഷണിയും." ഇനി മേലാല്‍ എന്‍റെ പിന്നാലെ നടക്കരുത്!!!!"


നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നുപറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടി പോകും!!!


പിറ്റേന്ന് ഞാനും അവളും കൂടി ദൈവത്തെ ചെന്ന് കണ്ടു.


"എന്ത് പറ്റി? ആറുമാസമല്ലേ ആയുള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ?"

ചിരിച്ചുകൊണ്ട് ദൈവം ചോദിച്ചു.


കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു. "കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.... ഇതൊന്നു തലേന്നു ഒഴിവാക്കി തന്നാല്‍ മതി......!!! "

Thursday, January 9, 2020

സമയം വൈകി

അങ്ങനെ ഒരു പാട് നാളുകൾക്ക് ശേഷം അയാള്‍ ആദ്യമായി എന്‍റെ അടുത്ത് വന്നു.
സോറി.
അയാൾക്ക് വരേണ്ടി വന്നു എന്ന് പറയുന്നതാവും ഉചിതം.

എന്റെ കാമുകിയുടെ സ്വന്തം ബാപ്പ. 😠

അവളെ എനിക്ക്  വിവാഹം  ആലോചിക്കാൻ വീട്ടില്‍ ചെന്നപ്പോള്‍ അയാളുടെ വായില്‍ നിന്നും വീണ വാക്കുകള്‍ ഇന്നും എന്റെ കാതുകളില്‍ മുഴങ്ങി കേള്‍ക്കുന്നു.

"വല്ല അലവലാതിക്ക് കൊടുത്താലും നിനക്ക് എന്റെ മകളെ ഞാന്‍ തരത്തില്ല"


അന്ന് ആദ്യമായി ഒരു അലവലാതി ആകാന്‍ ഞാന്‍ ഒരുപാട് കൊതിച്ചു പോയി.

എന്‍റെ പ്രണയത്തിന്റെ വില അവള്‍ കാണുന്നില്ല എന്ന് എനിക്ക് തോന്നിയത് കൊണ്ടാകും എന്‍റെ നാവു പിടിച്ചിടത്ത് നിന്നില്ല.

"ഹും... നിങ്ങളെ മകളെ കെട്ടാന്‍ എന്‍റെ പട്ടി വരും. നാട്ടിൽ വേറാരും ഇല്ലാത്ത പോലെ (അത് കേട്ടപ്പോള്‍ എന്‍റെ പട്ടി കുട്ടി തുള്ളിചാടുന്നത് ഒന്ന് കാണണം. ഓഹോ എന്തൊരു ആവേശം, എന്തൊരാവേശം. )

പണ്ടാര കലിപ്പുമായി ഞാന്‍ അവിടെ നിന്നും ഇറങ്ങി.

വർഷം രണ്ട് കഴിഞ്ഞു. ഗള്‍ഫില്‍ വന്നു ഒരു കണ്ടെയ്നര്‍ നിറയെ കാശുമായി നാട്ടില്‍ ചെന്നപ്പോള്‍ അവളുടെ ബാപ്പയ്ക്ക് ഇരിക്ക പൊറുതി കിട്ടുന്നില്ല. ഒരു മാതിരി മൂലക്കുരു വന്ന ആളുകളെപ്പോലെ.

"മോൻ എന്നോട് ക്ഷമിക്കണം. നിങ്ങളുടെ പ്രണയത്തിനു മുന്നില്‍ ഞാന്‍ തോറ്റു പോയി. നീ അവളെ കല്യാണം കഴിക്കണം"

"സോറി… ഉപ്പാ… സമയം ഒരു പാട് വൈകിപ്പോയി.. വളരെ അധികം വൈകിപ്പോയി.."

"അതേടാ സമയം വൈകി... പത്ത് മണി കഴിഞ്ഞു.. എഴുന്നേറ്റു പോയി ഷോപ്പ് തുറക്കെടാ... നട്ട പാതിരാക്ക് മൊബൈലും കുത്തി നേരം വൈകി കിടന്നാല്‍ ഇതല്ല ഇതിലപ്പുറവും പറയും... മനുഷ്യന്റെ ഉറക്കം കളയാന്‍ ഓരോ ജന്മങ്ങള്‍....''

കണ്ണ് തുറന്ന് നോക്കുമ്പോൾ മാമനുണ്ട് മുൻപിൽ.

Saturday, January 4, 2020

സൂപ്പർ സാധനം

ഗുജറാത്തിൽ ഒരു ഷോ കഴിഞ്ഞ് നട്ടിലേക്ക് വരാൻ സ്റ്റാളിന്റെ പുറത്ത് നിന്നും  എയർപോർട്ടിലേക്കുള്ള, ടാക്സി കാത്തു നില്‍ക്കുമ്പോഴാണ്. കമ്പനി സ്റ്റാഫായ സജു വന്ന് , ആ സ്വകാര്യം പതിഞ്ഞ സ്വരത്തിൽ എന്റെ കാതിൽ പറഞ്ഞത്.

"ഡാ, ഇവിടെ  സാധനം കിട്ടും, സൂപ്പർ സാധനാണ്".
ങേ "ഏവിടെ?"

"വാ ഒരു ഏജന്റുണ്ട്,  കാട്ടിതരാം!!"



അവന്റെ കൂടെ കുറച്ചു നടന്നപ്പോള്‍,   ഒരിട്ത്ത് നടത്തം നിറുത്തി കൊണ്ട് അവന്‍ പറഞ്ഞു.

ദാ ആ കലിങ്കിനടുത്ത് നില്‍ക്കുന്ന ആളെ കണ്ടോ? അയാളെ പുറകേ പോയാമതി,

 ആരെങ്കിലും കണ്ടാല്‍ അയാളുടെ കൂടെയാണ് പോകുന്നതെന്ന് തോന്നരുത്, കുറച്ച് വിട്ടു നടന്നോളൂ.

അഞ്ഞൂറ്  രൂപ അവിടെ  കൊടുക്കണം
അമ്പത് അയാക്ക് കമ്മീഷനും.

ഞാനയാളെ  അനുഗമിച്ചു.

കുറച്ചു ദൂരം നടന്നപ്പോള്‍ റോഡിന് വലതു വശത്തുള്ള വീട്ടിലേക്ക് അയാള്‍ കയറി പ്പോയി.

പുറകെ താനും കയറാമെന്ന് കരുതിയപ്പോള്‍ അതാ ഒരു വഴിപോക്കന്‍ വരുന്നു.

ഇതേതവനാ ഒരു അപരിചിതന്‍ ,എന്ന ഭാവത്തില്‍ അയാള്‍ എന്നെതന്നെ നോക്കുകയാണ്,

ഒരു അപരിചിതത്വവും തോന്നിക്കാതെ താന്‍ കുറച്ച് മുന്നോട്ട് നടന്ന്, പൊന്തക്കാടിനടുത്ത് മൂത്രമൊഴിക്കാനെന്ന വ്യാജേന ഇരുന്നു.

ആ കിളവന്‍ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ട്.

അയാള്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍, പതുക്കെ എണീറ്റ് ചുറ്റുപാടും നോക്കി ആരും ഇല്ലെന്ന്, ഉറപ്പുവരുത്തി, വേഗത കൂട്ടി  ആ വീട് ലക്ഷ്യമാക്കി നടന്നു.

വീടിന്റെ വാതില്‍ പകുതി തുറന്ന് ഒരു യൂവതി നില്‍ക്കുന്നു.
അവര്‍ വേഗം അകത്ത് കയറാന്‍ പറഞ്ഞു.

 അഞ്ഞൂറ്  രൂപയും വാങ്ങി  സ്ത്രീ അകത്തേക്ക് പോയി ,
കമ്മീഷനായ അമ്പത് രൂപ വാങ്ങി പോക്കറ്റിലിട്ട് ഏജന്റ് ഒരു വളിച്ച ചിരി മുഖത്ത് വരുത്തി, പതുക്കെ പറഞ്ഞു,
"താങ്കള്‍  ആ കട്ടിലില്‍ ഇരുന്നോളൂ.
സാധനം ഇപ്പോള്‍  വരും,"

നെഞ്ചിടിപ്പ് കൂടുന്നത് പോലെ തോന്നി, ആകെ ഒരു തളര്‍ച്ച.

 അല്‍പസമയം കഴിഞ്ഞില്ല മൂക്കില്‍ തുളച്ചു കയറുന്ന  നറുമണം ഒപ്പം, കൊലുസിന്റെ ഛിൽ ഛിൽ ശബ്ദവും.

തിരിഞ്ഞു നോക്കിയപ്പോള്‍  കണ്ട കാഴ്ച്ച,

ഓഹ്,

പറഞ്ഞറിയിക്കാൻ കഴിയില്ല.

  പിഞ്ഞാണത്തില്‍  ആവിപറക്കുന്ന  ബീഫ് വരട്ടിയതും കപ്പ പുഴുക്കുമായി ആ യുവതി കടന്നു വരുന്നു.

അത് ടീ പ്പോയില്‍ വച്ചിട്ട് അവര്‍ പറഞ്ഞു. "ഇവിടെ ഇരുന്ന് കഴിച്ചോളൂ , പുറത്തറിഞ്ഞാല്‍ തല പോകുന്ന കേസാ" !!

വയറ് നിറച്ച് ബീഫും കപ്പയും കഴിച്ച്  തിരിച്ചു പോകാന്‍ നേരം ആ സ്ത്രീ  ച്യൂയിങ്കവുമായി വാതുക്കല്‍ നില്‍ക്കുന്നു.

ഇതും ചവച്ചങ്ങ് പോയ്ക്കോളൂ ആര്‍ക്കും  മനസിലാകണ്ട എന്താണ് കഴിച്ചതെന്ന്.

നിരത്തിലെങ്ങും ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി ഞാൻ ടാക്സി ലക്ഷ്യമാക്കി നടന്നു.


Friday, January 3, 2020

ചരമമടയുന്ന ബ്ലോഗുകള്‍

2010 ഒക്ടോബറിലെ കണക്കു വെച്ച്‌ ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ്‌ സൃഷ്ടിക്കപ്പെട്ടിരുന്നത്‌. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തില്‍ ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതാണത്‌. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ്‌ ഇന്റര്‍നെറ്റില്‍ അതിവേഗം വളരുകയാണ്‌. ഇപ്പോള്‍ അവിടെ 20 കോടി ബ്ലോഗുകള്‍ സംസ്‌കാരം കാത്തുകിടക്കുന്നു!



ബ്ലോഗുകളെക്കുറിച്ച്‌ സമീപവര്‍ഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്‌, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയില്‍ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക്‌ മാറിയ ‘ബ്ലോഗോസ്‌ഫിയറി’ (Blogosphere) ല്‍ എന്തുകൊണ്ട്‌ ഇത്രയേറെ ബ്ലോഗുകള്‍ അനാഥമായി ഉപേക്ഷിക്കപ്പെടുന്നു എന്നകാര്യം ഇനിയും പഠനവിധേയമാക്കാനിരിക്കുന്നതേയുള്ളൂ.

ഇത്തരത്തില്‍ അകലാചരമമടഞ്ഞ ബ്ലോഗുകള്‍ നെറ്റില്‍ ശരിക്കുമൊരു ശല്യമായി മാറുകയാണെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. കാരണം, സെര്‍ച്ച്‌എഞ്ചിനുകളില്‍ ഇത്തരം ബ്ലോഗുകളുടെ ‘കണ്ണികള്‍'(links) അവശേഷിക്കും. ബ്ലോഗര്‍ തന്റെ ഉദ്യമം ഉപേക്ഷിച്ച കാര്യമൊന്നും സെര്‍ച്ച്‌എഞ്ചിനുകള്‍ അറിയണമെന്നില്ല. നെറ്റില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക്‌, പ്രത്യേകിച്ച്‌ ബ്ലോഗ്‌ സെര്‍ച്ച്‌എഞ്ചിനുകളില്‍ തിരയുന്നവര്‍ക്ക്‌, ഈ കണ്ണികളും സെര്‍ച്ച്‌ഫലമായി മുന്നിലെത്തും. നെറ്റിലെ ശവപ്പറമ്പിലേക്കുള്ള ഇത്തരം കണ്ണികളെ ‘പ്രേതബ്ലോഗുകള്‍’ (ghost blogs) എന്നാണ്‌ ചില വിദഗ്‌ധര്‍ വിശേഷിപ്പിക്കുന്നത്‌.



202O-ല്‍ ലോകത്താകമാനം പത്തുകോടി ബ്ലോഗര്‍മാര്‍ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ കരയ്‌ക്കണയും എന്നാണ്‌ ‘ഗാര്‍ട്ട്‌നെര്‍’ ഗവേഷണ സ്ഥാപനം നടത്തുന്ന കണക്കു കൂട്ടല്‍. എന്നാല്‍, ആ സംഖ്യ മൂന്നു കോടിയിലേക്ക്‌ ചുരുങ്ങും എന്ന്‌ മറ്റു ചില സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. പത്തുകോടി പേര്‍ ബ്ലോഗിങ്‌ നടത്തുന്നു എന്ന കണക്കു പരിഗണിച്ചാലും അതിലിരട്ടി ബ്ലോഗുകള്‍ മരണമടഞ്ഞു കഴിഞ്ഞു. ദിവസവും ആ സംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു. ആരംഭത്തിലെ ആവേശമടങ്ങി ബ്ലോഗിങ്‌ പ്രതിഭാസം ഇപ്പോള്‍ താഴേയ്‌ക്കു വരികയല്ലേ എന്നാണ്‌ വിദഗ്‌ധര്‍ സംശയിക്കുന്നത്‌.