Sunday, March 1, 2020

ഓൺലൈൻ പ്രണയം : നോവൽ

Part-1

ഉത്തരവാദിത്തംരാവിലെ പത്തിനോടടുത്ത സമയം. ഒരുപാട് കെട്ടിടങ്ങൾക്ക്  നടുവിലുള്ള  ഗ്ലാസ്സിട്ട  ആ  നീല കളർ കെട്ടിടം "ഓർബിറ്റ് ഐടി" കമ്പനിയുടേതാണ്, കമ്പനിയിലെ ജോലിക്കാർ ഓരോരുത്തരായി എത്തി കൊണ്ടിരിക്കുന്നു.  ഏകദേശം 10 മണി ആയതോടെ ജീവനക്കാരുടെ തിരക്ക് പെട്ടെന്ന് വർദ്ധിച്ചു. വൈകി എത്താൻ അവർ ആഗ്രഹിക്കാത്തതിനാലാവണം  എല്ലാവരും 10-മണിക്ക് മുൻപ് തന്നെ എത്തിച്ചേരാൻ തിരക്കുകൂട്ടി. ഓരോ ജീവനക്കാരുടെയും വരവ് സമയം, വാതിൽക്കൽ സ്ഥാപിച്ചിരിക്കുന്ന സ്മാർട്ട് കാർഡ് റീഡറിൽ രേഖപ്പെടുത്തുന്നുണ്ട്. എത്തിച്ചേരുന്ന സമയം മാത്രമല്ല, ജീവനക്കാരുടെ മൊത്തത്തിലുള്ള എല്ലാ പോക്ക് വരവുകളും  സ്മാർട്ട് കാർഡ് റീഡറിൽ രേഖപ്പെടുത്തുന്നു. കമ്പനിയുടെ പ്രധാന ഗ്ലാസ് ഡോറിൽ മാഗ്നറ്റിക് ലോക്ക് ആണ്  ഘടിപ്പിച്ചിരിക്കുന്നത് , ജീവനക്കാർ അവരുടെ തിരിച്ചറിയൽ കാർഡുകൾ സ്മാർട്ട് കാർഡ് റീഡറിന് മുൻപിൽ  കാണിക്കുമ്പോൾ മാത്രം  വാതിൽ തുറക്കുന്ന രീതിയിലാണ് അത്  പ്രോഗ്രാം ചെയ്തിട്ടുള്ളത്. ആ ഐഡന്റിറ്റി കാർഡുകളും സ്മാർട്ട് കാർഡ് റീഡറുകളും ഉള്ളതിനാൽ കമ്പനിയുടെ സുരക്ഷയും ജീവനക്കാരുടെ സമയ  ക്രമവും നിലനിർത്തി പോന്നു. 10 മണിക്കുള്ള  ബസർ മുഴങ്ങിയപ്പോൾ, കമ്പനി ഡയറക്ടറും സിഇഒയുമായ അഞ്ജലി ഉൾപ്പെടെ മറ്റ്  എല്ലാ സ്റ്റാഫുകളും കമ്പനിയിലെത്തിയിരുന്നു.

അഞ്ജലിക്ക് 23 വയസ്സായിരുന്നു, അവൾ ബി. ഇ.  കമ്പ്യൂട്ടർ ആണ് പഠിച്ചത്. നേരത്തെ കമ്പനി ഡയറക്ടറും സി.ഇ.ഒ യും ആയിരുന്ന,  അവളുടെ പിതാവിന്റെ പെട്ടെന്നുള്ള മരണം കാരണം,  കമ്പനിയുടെ ഉത്തരവാദിത്തം അവളിലേക്ക് വന്നു. അവളുടെ പ്രായവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ഭാരിച്ച  ഉത്തരവാദിത്തമായിരുന്നു അത്; ഇങ്ങനെ ഒരു അവസ്ഥ അല്ലായിരുന്നെങ്കിൽ,  കൂട്ടുകാരോടൊത്ത്  ചുറ്റിക്കറങ്ങുകയും ആസ്വദിക്കുകയും ചെയ്യേണ്ട ഒരു പ്രായമായിരുന്നു അവളുടേത്. തുടർ വിദ്യാഭ്യാസത്തിനായി യു എസി ലേക്ക് പോകാനായിരുന്നു അവളുടെ ആഗ്രഹം. പക്ഷെ  അവളുടെ പിതാവിന്റെ   മരണത്തെത്തുടർന്ന് അവളുടെ ആഗ്രഹം വെറും ആഗ്രഹമായി തന്നെ  തുടർന്നു. കമ്പനിയുടെ  ഉത്തരവാദിത്തം നല്ലരീതിയിൽ  കൈകാര്യം ചെയ്യാനും, അതേ സമയം തന്നെ അവളുടെ പ്രസരിപ്പ് നിലനിർത്താനും അവൾ ശ്രമിക്കാറുണ്ടായിരുന്നു. 

അഞ്ജലി ഇരു വശവുമുള്ള ക്യാബിനുകൾക്കിടയിലൂടെയുള്ള  ഇടനാഴിയിലൂടെ  അവളുടെ റൂമിലേക്ക്  നടന്നു. അയഞ്ഞ വെളുത്ത ടി-ഷർട്ടും  കോട്ടൺ ക്രീം ട്രൗസർറും ആയിരുന്നു അവളുടെ വേഷം.  ഓഫീസ് സമയങ്ങളിൽ  കാഷ്വൽ ഡ്രെസ്സ് ധരിക്കാൻ ആയിരുന്നു അവൾക്കിഷ്ടം. പ്രധാനപ്പെട്ട എന്തെങ്കിലും  പ്രോഗ്രാം, അല്ലെങ്കിൽ ക്ലയന്റുകളുമായുള്ള കൂടിക്കാഴ്ച നടക്കുമ്പോഴെല്ലാം മാത്രമേ അവൾ ഫോർമൽ  വസ്ത്രം ധരിക്കാറുള്ളു. മറ്റ് ഓഫീസ് ജീവനക്കാർക്കും ഡവലപ്പർമാർക്കും അവിടെ ഫോർമൽ  വസ്ത്രം ധരിക്കണം എന്ന്  നിർബന്ധമുണ്ടായിരുന്നില്ല. അവരുടെ  ഇഷ്ട്ടത്തിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാൻ അവർക്ക് അവിടെ സ്വാതന്ത്ര്യമുണ്ടായിരുന്നു. 

"നിങ്ങൾ ഓഫീസിൽ ചെയ്യുന്ന ജോലി എന്ത്‌ തന്നെ ആയാലും, അത്  നിങ്ങൾക്ക് ആസ്വദിച്ച് ചെയ്യാൻ കഴിയണം. നിങ്ങൾക്ക് നിങ്ങൾ ചെയ്യുന്ന ജോലി ആസ്വദിക്കാൻ കഴിയുമെങ്കിൽ അതിൽ നിന്നുള്ള ടെൻഷനും,  ക്ഷീണവും  നിങ്ങൾക്ക് അനുഭവപ്പെടില്ല" എന്ന്  അഞ്ജലി എപ്പോഴും അവരോട് പറയാറുണ്ടായിരുന്നു. ജോലിയിൽ ആസ്വാദനവും കളി തമാശകളും കലർത്തി അവൾ ജീവനക്കാരുടെ ഉൽ‌പാദനക്ഷമത വർദ്ധിപ്പിച്ചു. ജിം, നീന്തൽക്കുളം, പ്രാർത്ഥന റൂം , മെഡിറ്റേഷൻ റൂം, തുടങ്ങിയ സൗകര്യങ്ങൾ അവൾ  ജീവനക്കാർക്ക് വേണ്ടി നൽകിയിരുന്നു. ഈ സൗകര്യങ്ങൾ കാരണം ജീവനക്കാർ അവരുടെ പരമാവധി സമയം ഓഫീസിൽ ചെലവഴിക്കുകയും, തിരക്കേറിയ ജോലികൾക്കിടയിലെ  സമ്മർദ്ദങ്ങളെ  നേരിടുകയും ചെയ്തു. ഇതിന്റെയെല്ലാം  നല്ല റിസൾട്ട്‌  കമ്പനിക്ക് ലഭിക്കുകയും ചെയ്തുകൊണ്ടിരുന്നു. 

അവളുടെ ഓഫീസിലേക്ക് പ്രവേശിക്കുമ്പോൾ ചില ജോലിക്കാർ ചെറുതായി തല കുനിച്ച് അവളെ ആശംസിച്ചു. അവർക്ക് ചെറു പുഞ്ചിരിസമ്മാനിച്ച്  അവൾ ഓഫീസിലേക്ക്  കയറിപ്പോയി. ആശംസ പേടിച്ചിട്ടല്ല, മറിച്ച് അവളെക്കുറിച്ച് അവർക്ക് തോന്നിയ ബഹുമാനത്തിൽ നിന്നാണെന്ന് അവരുടെ ശരീരഭാഷയിൽ നിന്ന് വ്യക്തമായിരുന്നു.  "ഞാൻ നിങ്ങളിൽ ഒരാളാണ്" എന്ന ചിന്ത മറ്റുള്ള സ്റ്റാഫുകളിലും എത്തിക്കാൻ വേണ്ടി ആവാം, മറ്റുള്ളവരുടേതിന് സാമ്യമായ തരത്തിലുള്ള ഫർണിച്ചറുകളായിരുന്നു അവളുടെ ഓഫീസിലും ഉണ്ടായിരുന്നത്. 

സ്പ്രിങ് കൊണ്ട് സജ്ജീകരിച്ച ഗ്ലാസ്‌ ഡോർ തള്ളി തുറന്നുകൊണ്ട്,  അഞ്ജലി അവളുടെ ക്യാബിനിൽ പ്രവേശിച്ചു.


തുടരും...