Tuesday, February 11, 2020

പറയാൻ മറന്ന പ്രണയം

ഇഷ്ടപ്പെടുന്ന ആളെ മുന്നിൽ കാണുമ്പോൾ അടിവയറ്റിൽ മഞ്ഞു വീഴുന്ന സുഖം എന്നൊക്ക ഓം ശാന്തി ഓശാന എന്ന സിനിമയിൽ നസ്രിയ പറയുന്ന ഒരു ഡയലോഗ് ഉണ്ട് .എന്നാൽ എനിക്ക് അങ്ങനേ ഒന്നും ആയിരുന്നില്ല. കയ്യും കാലും  വിറച്ചു എന്നല്ലാതെ അവളെ കാണുമ്പോൾ വേറൊന്നും എനിക്ക് തോന്നിയിരുന്നില്ല.

പ്രേമം എന്താണെന്ന് അത്ര വലിയ അറിവൊന്നും ഇല്ലാത്ത കാലം,  സ്കൂളിലെ ഒരുപാട് പെൺകുട്ടികളിൽ ഒരുമുഖം മാത്രം വല്ലാതെ എന്നെ ആകർഷിക്കാൻ തുടങ്ങി.

ആ കാന്തിക ശക്തി ഓരോ ദിവസം കഴിയുംതോറും എന്നെ കൂടുതൽ കൂടുതൽ ആകർഷിച്ച് കീഴ്പെടുത്തി കൊണ്ടിരുന്നു.

പെട്ടന്ന് തന്നെ ഞങ്ങൾ സൗഹൃദത്തിലായി, പക്ഷേ ഇഷ്ടമാണെന്ന് മാത്രം പറയാൻ കഴിഞ്ഞില്ല.

ഒരുപാട് കാലം പറയാതെ മനസ്സിൽ കൊണ്ടുനടന്ന ആ  ഇഷ്ടത്തിന് ഒരു സുഖമുണ്ടായിരുന്നു. ഒരു വർഷത്തോളം ഞാനത് മനസ്സിൽ തന്നെ കൊണ്ടുനടന്നു.

അങ്ങനെ, ഒരു ബുധനാഴ്ച ദിവസം പറയാമെന്ന് ഉറപ്പിച്ച് പുതിയ ഷർട്ടും പാന്റും ഇട്ട് ഞാൻ സ്കൂളിലേക്ക് പോകാൻ ഇറങ്ങി.
തലേന്ന് രാത്രി, അവളോട് പറയാൻ ആലോചിച്ച് നിശ്ചയിച്ചത് ഓർത്ത് സ്കൂളിലേക്ക് നടന്നു. പക്ഷേ സ്കൂൾ അടുക്കും തോറും എനിക്ക് വിയർക്കാനും ഹൃദയമിടിപ്പ് കൂടാനും തുടങ്ങി. സ്കൂൾ കോമ്പൗണ്ടിൽ എത്തിയപ്പോഴേക്കും ശ്വാസം മുട്ടുന്ന പോലെ ഒക്കെ ഒരു തോന്നൽ.

എങ്കിലും മനസ്സിനെ കടിഞ്ഞാണിട്ട് നിയന്ത്രിച്ച് അറിയാവുന്ന സകല ദൈവങ്ങളേയും വിളിച്ച് ക്ലാസിലേക്ക് കയറി, ആ ഒരു നിമിഷം ഞാനൊരു തനി മതേതരൻ ആയി മാറി.

എന്റെ ബാഗ് ഡസ്കിൽ വെച്ച്, അവളിരിക്കുന്ന സ്ഥലം ശ്വാസം നിയന്ത്രിച്ച് ഒന്ന് ചെരിഞ്ഞ് നോക്കി. നല്ല ചിരിയോടെ "എന്താടാ കള്ളനോട്ടം" എന്ന് അവളുടെയും എന്റെയും കൂട്ടുകാരിയുടെ കണ്ണ് കൊണ്ടുള്ള  ചോദ്യത്തിന്, സ്റ്റൈലായ ഒരു ചിരിയിലും കണ്ണിറുക്കിലും ഉത്തരം ഒതുക്കി.

വാച്ചിൽ നോക്കിയ എന്റെ ഹൃദയമിടിപ്പ് വീണ്ടും കൂടിത്തുടങ്ങി. സമയം 9.30...
9.45 ന് അവൾ എത്തും...
വീണ്ടും യുഗങ്ങളുടെ കാത്തിരിപ്പ് പോലെയുള്ള 15 മിനിട്ട് ശ്വാസം നിയന്ത്രിച്ച്, അവളെ പ്രതീക്ഷിച്ച് ഞാൻ നിന്നു.
സമയം 9.45 കഴിഞ്ഞു അവൾ എത്തിയില്ല.

പിന്നെയും സഹസ്രാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ബെൽ അടിച്ചു. പ്രാർത്ഥന കഴിഞ്ഞു ക്ലാസ് തുടങ്ങി. പക്ഷേ അവൾ മാത്രം വന്നില്ല. നിരാശയും സങ്കടവും മാറി മാറി വന്ന് എന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു. അതൊടുവിൽ ദേഷ്യമായ് മാറി.  ഇതിനിടയിൽ അവൾ എന്താ വരാത്തേ എന്തോണ്ടായിരിക്കും വരാത്തേ എന്നൊക്കെ തുടങ്ങിയ ചിന്തയിൽ എന്റെ മനസ്സ് കുരുങ്ങി നിന്നു. ഇതിനിടയിൽ ഇന്റർബെല്ലും കഴിഞ്ഞു.

എന്റെ ചങ്കിനോട് കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞത്, ''ടാ ആദി… നീ ഇങ്ങനെ കെടന്ന് പെടക്കാതെ… അവൾക്ക് വല്ല അസുഖവും ആവും അതോണ്ടാവും വരാത്തത്" എന്ന്. ആ ദുഷ്ടൻ വീണ്ടും എന്റെ രക്തസമ്മർദ്ദം കൂട്ടി. അവന് ഒ ഒരു പുച്ചം സമ്മാനിച്ച് ഞാൻ എന്റെ സീറ്റിൽ തന്നെ തിരിച്ചെത്തി. മെല്ലെ ചെരിഞ്ഞ് അവൾടെ സീറ്റിലേക്ക് ഒന്നൂടെ നോക്കി. ഇല്ല അവൾ വന്നിട്ടില്ല.

അങ്ങനെ വെറുതെ ഓരോ ചിന്തകളിൽ മുഴുകിയിരുന്ന് ഉച്ചയായി, എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ സ്കൂളിൽ നിന്നും സ്കൂട്ടായി. അവളുടെ വീടിന്റെ ചുറ്റുപാടുകൾ കറങ്ങി നടന്നു. പക്ഷേ അവളെ മാത്രം കണ്ടില്ല, അവളെ ഉപ്പനേം ഉമ്മനേം കണ്ടു പിന്നെയും കറങ്ങി ഒരു പാട് നേരം. കറങ്ങി കറങ്ങി തലകറങ്ങിയപ്പോൾ വീട്ടിലേക്ക് നടന്നു.

വീട്ടിൽ എത്തി ഷർട്ടഴിച്ച് വെച്ച് പറമ്പിൽ ക്രിക്കറ്റ് കളിക്കുന്നിടത്തേക്ക് പോയെങ്കിലും, മനസ്സ് അവളുടെ പിന്നാലെ തന്നെ ആയിരുന്നു.

ആരോ ബോൾ ചെയ്യുന്നു, ആരോ അടിക്കുന്നു, ആരോ പിടിക്കുന്നു, ഒന്നും മനസിൽ കയറണില്ല. ഇരുട്ടു മൂടി ചെങ്ങായ്മാർ കളി നിർത്തിപ്പോയിട്ടും, ആകാശത്തേ നക്ഷത്രങ്ങളേയും എണ്ണി നോക്കി ഞാനാപുല്ലിൽ തന്നെ കിടന്നു. ആദ്യേ... എടാ ആദീ... എന്ന ഉമ്മാടെ വിളി കേട്ട് എണ്ണൽ നിർത്തി വീട്ടിലോട്ട് ഓടി.

ഉമ്മ എന്തൊക്കയോ വഴക്ക് പറയുന്നതും കേട്ട് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പുസ്തകം നോക്കിയിരിക്കൽ തുടങ്ങി. നമ്മൾക്ക് എന്ത് പഠിത്തം?

അങ്ങനെ എങ്ങനോക്കെയോ നേരം വെളുത്ത്, കുളിച്ച് കുപ്പായം മാറി സ്കൂളിലേക്ക് ഓടി.
9:10 ആകുമ്പോഴേക്കും സ്കൂളിൽ എത്തി. ബാഗ് ഡെസ്ക്കിൽ വെച്ച്, വരാന്തയിൽ നിന്ന് ദൂരെ ഗെയ്റ്റിൽ അവളുടെ വരവും കാത്ത് നോക്കി നിന്നു.

 9:30 നമ്മടെ ചങ്ക് ചങ്ങാതി വന്നു.

അവൻ :- ആദീ നീഇന്നലെ ഉച്ചക്ക് എന്ത പോയെ...?
ഞാൻ:- അത് എനിക്ക് അവൾ ഇല്ലാഞിട്ട് ഒര് മൂഡില്ലാത്തത് കൊണ്ട് പോയതാ.
അവൻ :- ഇന്നലെ ഉച്ചക്ക് അവൾ വന്നിരുന്നു. ടീച്ചർ അവളെക്കൊണ്ട് പാട്ടും പാടിച്ചു.( അവൾ നന്നായ് പാടുമായിരുന്നു)
ഞാൻ:- ആണോ ഏത് പാട്ടാ പാടിയത്??
അവൻ:- നിനക്കിഷ്ടമുള്ള പാട്ട്
ഞാൻ:- അതും കൂടെ കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല.

അങ്ങനെ 9:30 കഴിഞ്ഞ് കുട്ടികൾ കൂടുതൽ വന്ന് തുടങ്ങി.
ഗെയ്റ്റിൽ അവരുടെ നടത്തം ഒന്നൂടെ നോക്കി, തട്ടമിട്ട് വരുന്നത് അവൾ തന്നെ എന്ന് ഉറപ്പിച്ചു. ഞാൻ അവൾ നടന്നു വരുന്നതും നോക്കി നിന്നു.

അടുത്തെത്തിയപ്പോൾ അവൾ ചോദിക്യാ, നീ എവടായിരുന്നു ആദീ  ഇന്നലെ ഞാൻ പാടിയിരുന്നു, നിനക്ക് ഇഷ്ടമുള്ള പാട്ടാണ് പാടിയത്. നീ കേട്ടില്ലല്ലോ എന്നൊക്കെ.
വയ്യാത്തോണ്ട് പോയതാണ് എന്ന് പറഞ്ഞ്, കാണാതെ പടിച്ചതെല്ലാം തൊണ്ടയിൽ കുരുങ്ങി കിടന്നപ്പോൾ ഞാൻ രംഗം വിട്ടു.

അങ്ങനെ പ്ലസ്ടു ക്ലാസ് കഴിയുന്നത് വരെ ശ്രമങ്ങൾ പരാജയപ്പെട്ട് കൊണ്ടിരുന്നു.
പിന്നെയും ശ്രമങ്ങൾ തുടർന്ന് കൊണ്ടിരുന്നു. പിന്നീട് ഞാൻ ബ്ലാഗ്ലൂരിൽ പഠിക്കാൻ പോയി. അതിനിടയിൽ അവൾ വീട് മാറി പോയത് ഞാൻ അറിഞ്ഞില്ല.

അങ്ങനെ ലീവിന് വരുമ്പോൾ ഒരു സൈക്കിൾ എടുത്ത്. അതിൽ അവളെ അന്വേഷണമായി, അങ്ങനെ അന്വേഷണം ബജാജ് ബോക്സറിലേക്ക് മാറി പിന്നെ ബോക്സർ ഇത്തിരി മോഡൽ കൂട്ടി പിന്നെ ബജാജിന്റെ പൾസർ ആയി എന്നിട്ടും അവളെ കണ്ടെത്തിയില്ല...
പിന്നെ കൂട്ടുകാരന്റെ കാറും എടുത്ത് അതിൽ ഒന്ന് കറങ്ങാൻ ഇറങ്ങിയപ്പോൾ അങ്ങ് ദൂരെ ബസ് സ്റ്റോപ്പിലേക്ക് ഒരു പെണ്ണ് നടന്ന് വരുന്നു. ആ നടത്തം നോക്കിയപ്പോൾ അവൾ തന്നെയാണ് അതെന്ന് മനസ്സിലായി. ഞാൻ അടുത്ത് എത്തുമ്പോഴേക്കും അവൾ ബസ്സിൽ കയറിപ്പോയ് ഞാൻ എന്തോ ഓർത്ത് അങ്ങനെ തന്നെ നിന്നു.
പിറ്റേന്ന് നേരത്തെ തന്നെ അവളെ കണ്ട സ്ഥലത്ത് ഹാജരായി. അവൾ വന്നു ചിരിച്ചു.. ഞാനും ചിരിച്ചു...
ഞാൻ :- എന്താ ഇവിടെ
അവൾ :- ഇപ്പം ഇവിടാ താമസം... നീ എന്താ ഇവിടെ...?
ഞാൻ :- ഒരാളെ കാണാൻ വന്നതാ..
അങ്ങനെ കുശലം പറഞ്ഞ് … നമ്പർ മേടിച്ചു. പിന്നെ ചാറ്റിംഗ് ഒക്കെ തകൃതി ആയി നടന്നു.

പിന്നീട് ഒരു അവസരം കിട്ടിയപ്പോൾ ഞാൻ അത്  അവളോട് നേരിട്ട് തുറന്നു പറഞ്ഞു, എനിക്ക് നിന്നെ ഇഷ്ടമാണെന്ന്.
കിട്ടിയ മറുപടി ആകട്ടെ അവൾ വേറൊരു ആളുമായി പ്രണയത്തിലായിരുന്നു എന്ന്. എന്റെ ഹൃദയം തകർന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പിന്നീട്  "കണ്ണീർ പൂവിന്റെ കവിളിൽ തലോടി, പറയാതെ അറിയാതെ" തുടങ്ങിയ പാട്ടുകളോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി.

അങ്ങനെ ഉള്ളിലെ  വിഷമം വാക്കുകളായി പുറത്തു ചാടി അതൊരു കവിതയായി. ആദ്യമായി എഴുതിയ കവിത. അതിലെ അവസാന വരികളിൽ അടുത്ത ജന്മത്തിൽ എങ്കിലും ഒന്നാകാം എന്നൊക്ക ആയിരുന്നു. ഇപ്പോളത് ഇടക്ക് വായിക്കുമ്പോൾ ചിരി വരാറുണ്ട്.
ഒരു ദിവസം ഉപ്പ ആ കവിത വായിച്ചു. എന്നോട് കാര്യങ്ങൾ അന്വേഷിച്ചു. അന്ന് ഞാൻ എന്തിനാണ് കരഞ്ഞതെന്ന് ഇപ്പോളും എനിക്ക്  മനസിലായിട്ടില്ല…

"മഴയുടെ നേര്‍ത്ത രാഗം പോലെ
പെയ്തു തീര്‍ന്നിട്ടും പിന്നെയും ബാക്കി നില്‍ക്കുന്ന ജാലകങ്ങള്‍ പോലെ
ചില ഓര്‍മ്മകള്‍ എന്നും കൂടെ ഉണ്ടാകും.."

Saturday, February 8, 2020

സ്കൂൾ പ്രണയം....

ജൂണിലെ പേമാരി പെയ്തിറങ്ങി, 
മണ്ണിന്റെ നറുഗന്ധമെങ്ങുമെത്തി. 
അമ്മതൻ കൈപിടിച്ചന്നാമഴയിൽ, 
വിദ്യാലയപ്പടികൾ കയറിവന്നു. 

ഗുരുവിന്റെ വിദ്യയിൽ മുക്തനായി,
അറിവിന്റെ പാതയിൽ ഞാൻ നടന്നു '
കാലങ്ങളോരോന്നായ് കടന്നുപോയി.
കാലത്തിൻ മാറ്റങ്ങൾ വന്നുനിന്നു.

കൗമാരമെന്നിൽ ചിറകുമുളച്ചൊരു,
അഗ്നിയിൽ കിളുർത്ത പ്രണയമായി.
തീവ്രാനുരാഗമായ്‌...
ജീവനിൽ  ശ്വാസമായ്...
വിദ്യയ്ക്ക് തടസമായ്‌ പ്രണയം.

മാർച്ചുമാസത്തിന്റെ  
തീക്ഷ്‌ണമാം വെയിലിൽ '
തമ്മിൽ അകന്നു പോയ് പ്രണയം...
തമ്മിൽ അകന്നുപോയ് പ്രണയം.

Thursday, February 6, 2020

മരണമെത്തുന്ന നേരത്ത്

" മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ... 
കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ... 
ഒടുവിലായി അകത്തേക്കെടുക്കുന്ന ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ... 
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ..."


ഈ നാലു വരി കവിത കേൾക്കുമ്പോൾ ഇപ്പോഴും ഞാൻ ഓർക്കാറുണ്ട് എന്റെ അന്ത്യവേളകൾ. നിത്യതയുടെ ലോകത്തേക്കുള്ള  ആദ്യ യാത്രയുടെ ഒരുക്കത്തിൽ , മിഴികൾ പാതി അടഞ്ഞു. പ്രിയപ്പെട്ടവരുടെ മുഖങ്ങൾ ഒരു മായക്കാഴ്ചയിൽ  എന്ന പോലെ മങ്ങി തുടങ്ങുമ്പോൾ, വരണ്ട ചുണ്ടുകൾ യാത്രാമൊഴി ചൊല്ലുന്ന വേർപാടിന്റെ അവസാന വേളയിലും, ഞാൻ അറിയുന്നു നിന്റെ സാമീപ്യം... നിന്റെ വിരലുകളുടെ മൃദുസ്പർശം...

ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത നിർവൃതിയിൽ എന്റെ മനസ്സ് പറഞ്ഞു, നിനക്ക് ഇനി ആശ്വാസത്തോടെ, സന്തോഷത്തോടെ തിരികെ പോകാം...
എന്തെന്നാൽ….
നിന്റെ അവസാനശ്വാസത്തിന് പോലും അവളുടെ ഗന്ധമാണ്...
നിന്റെ മരിക്കാത്ത പ്രണയത്തിൻ ഗന്ധം...
ഒരിക്കലും മരിക്കാത്ത കുറെ ഏറെ നല്ല ഓർമ്മകളുടെ ഗന്ധം ! 

Saturday, February 1, 2020

ആദി മോഹിച്ച സുറുമയെഴുതിയ കണ്ണ്

പരസ്പരം അറിയാതെ... പറയാതെ....
അറിഞ്ഞിട്ടും അറിയാത്തമട്ടിൽ...
പറഞ്ഞിട്ടും കേൾക്കാത്ത ഭാവത്തോടെ....
ചിലരിലെല്ലാം ഉണ്ടായിരിക്കും ഇതുപോലൊരു പ്രണയം...
മറ്റേതു പ്രണയത്തെക്കാളും, ഓർമ്മകൾ സുന്ദരമായി തോന്നുന്ന ചില നിമിഷങ്ങളും....

അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ഗൾഫ്കാരുടെ ഇഷ്ട ദിവസം. നാട്ടിലുള്ള ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അവരുടെ ഞായറാഴ്ച.എന്റെ ജീവിതത്തിൽ പല നല്ലകാര്യങ്ങളും നടന്ന ഒരു ദിവസം ആയത് കൊണ്ട് തന്നെ "വെള്ളിയാഴ്ച" എനിക്കേറ്റവും പ്രിയപ്പെട്ട ദിനമായി മാറി.

പതിവുപോലെ ആർക്കോ വേണ്ടി ഓഫീസിൽ പോയ ഒരു ദിവസം, വർക്കൊക്കെ കഴിഞ്ഞു ആരും കാണാതെ നേരെ ഫേസ്‌ബുക്കിൽ കയറി പുതുതായി വന്ന പോസ്റ്റുകൾക് ലൈക്കുകളും കമന്റുകളും വാരിക്കോരി കൊടുക്കുന്ന സമയം. അങ്ങനെ ഓരോന്നും കണ്ടും തിരിഞ്ഞും കൊണ്ടിരിക്കുന്ന സമയത്താണ് എന്റെ കണ്ണുകൾ ആ ഫ്രണ്ട്സ് സജ്ജഷന്റെ കീഴിൽ ഉണ്ടാക്കിയത്. പെൺ നാമത്തിലുള്ള ഒരു പ്രൊഫൈൽ, സുന്ദരമായൊരു നയനത്തിന്റെ പ്രൊഫൈൽ പിക്ച്ചറും. ആദ്യ കാഴ്ചയിൽ തന്നെ എന്റെ മനസ്സെന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു, അത് കൊണ്ടായിരിക്കണം രണ്ടാമതോന്നാലോചിക്കാതെ അവൾക് ഞാൻ സൗഹൃദ അപേക്ഷ കൊടുത്തത്. എന്താണെന്നറിയില്ല, സാധാരണ ഒരു പെൺകുട്ടിക്ക് റിക്വസ്റ്റ് അയച്ചാലുണ്ടാവുന്ന പതിവ് കോലാഹലങ്ങൾക് വിപരീതമായി അവളത് സ്വീകരിച്ചു. മനസ്സിൽ വീണ്ടും ഒരു ലഡ്ഡു പൊട്ടിയത്തിന്റെ മർമ്മരങ്ങൾ. ശരിയായിരുന്നു ഒരു ലഡ്ഡു പൊട്ടിയിരുന്നു. പൊട്ടണല്ലോ.അല്ലെ..???



മയിൽപ്പീലി കണ്ണിൽ സുറുമയെഴുതി. കൊലുങ്ങനെയുള്ള കയ്യിൽ കൈമുട്ടറ്റംവരെ മൈലാഞ്ചിയിട്ട് ഒരു സുന്ദരിക്കുട്ടി. ആ കണ്ണുകൾ കണ്ടാൽ ഞാനെന്നല്ല, വായ്നോട്ടം എന്ന കലയെ അന്യം നിന്നുപോകാതെ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന ഏതൊരുത്തനും ഒന്ന് നോക്കിപ്പോവും. അങ്ങനെ അവളുടെ "ടൈംലൈൻ" മുഴുവന്‍ കറങ്ങി നടന്നു, ഓരോ വിവരങ്ങളും ഞാൻ പെറുക്കി എടുത്തു, ഇനി അവളെ മാത്രമേ പെറുക്കി എടുക്കാനുള്ളൂ.

അങ്ങനെ അടുത്ത ഘട്ടത്തിലേക്കു കടന്നു, അവളെ ആകർഷിക്കാൻ അവളുടെ ഓരോ പോസ്റ്റിനും ഫോട്ടോകൾക്കും എല്ലാം "ലൈക്കും , കമന്റ്റും" വാരിക്കോരി കൊടുത്തു, ആ സമയത്താണ് എനിക്കീ ഫേസ്ബുക്കിനോട് ദേഷ്യം തോന്നിയത്,കാരണം ഒരാൾക് ഒരു പോസ്റ്റിനു ഒരു ലൈക് മാത്രല്ലേ കൊടുക്കാൻ പറ്റൂ. പക്ഷേ എന്റെ പെർഫോമൻസ് മോശമായത് കൊണ്ടാണോ എന്നറിയില്ല അവൾ അതൊന്നും തിരിഞ്ഞു നോക്കിയത് പോലും ഇല്ലെന്ന് തോന്നുന്നു.

പിന്നെ അവളെ പരിചയപ്പെടാനായി പൂതി. ഞാൻ പണ്ടേ ഒരു പേടിത്തൊണ്ടൻ ആയത് കൊണ്ട്, "മെസ്സേജ്" ചെയ്‌താൽ കുഴപ്പാകോ എന്നും, "ബ്ലോക്ക്" ചെയ്യോ എന്നും പേടിച്ച് ഒന്നും മിണ്ടാതെ അവളെ "പോസ്റ്റ്കളും" ഫോട്ടോകളും നോക്കി എന്‍റെ ആഗ്രഹവും ഉള്ളിലൊതുക്കി, ഏതാണ്ടോ പോകാൻ പോകുന്ന അണ്ണാനെപ്പോലെ ഇരുന്നു.

ഇരുന്ന് ഇരുന്ന് ചന്തിയിൽ വേര് മുളക്കും എന്ന് തോന്നിയപ്പോ ഇടക്ക് എണീറ്റ് നടന്നു. അപ്പോഴും അവസ്ഥക്ക് ഒരു മാറ്റവും ഇല്ലാട്ടോ. നേരത്തെ പറഞ്ഞപോലെത്തന്നെ. കുറച്ച് ദിവസങ്ങൾ അങ്ങനെ ഇരുന്നും നടന്നും നീങ്ങി. ഒന്ന് പരിചയപ്പെടാൻ പറ്റാത്തതിലുള്ള സങ്കടം എവിടെയൊക്കെയോ വിങ്ങുന്നുണ്ടായിരുന്നു. ഒരു പക്ഷെ ആ ദയനീയ മുഖം നിങ്ങളും കണ്ടിരുന്നെകിൽ, ഒന്ന്1 സമാധാനിപ്പിച്ചിട്ടെ പോവുള്ളായിരുന്നു. അത്രക്കും സങ്കടായിരുന്നു എനിക്ക്. സത്യമായിട്ടും....!

അവളെപ്പറ്റി എന്തെങ്കിലും ഒക്കെ അറിയാൻ വേണ്ടി, അതിനുവേണ്ടി മാത്രം അവളെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള മുഴുവൻ പെൺകുട്ടികൾക്കും ഞാൻ റിക്വസ്റ്റ് വിട്ടു (മുന്നറിയിപ്പ്‌: ഇനി എന്നെ തെറ്റിദ്ധരിച്ച് കോഴി എന്നൊന്നും വിളിക്കേണ്ടട്ടോ). വിട്ടവരിൽ കുറച്ച് പേർ ആഡ് ചെയ്തു. ബാക്കി ഉള്ളവർക്ക് അസൂയയാണെന്ന് തോന്നുന്നു. അവളെപ്പറ്റി ചോദിച്ച് അവർക്ക് മെസ്സേജ് അയച്ചു. കുറച്ച് മറുപടി ഒക്കെ വന്നു. പക്ഷെ എല്ലാം എന്നെ നിരാശിക്കുന്നതായിരുന്നു . ആർക്കും അവളെ അറിയില്ല. പിന്നെയും ഞാൻ സങ്കട കടലിൽ നീരാടിക്കൊണ്ടിരുന്നു. ഇപ്പോ നിങ്ങക്കൊക്കെ ഒരു തോന്നാലുണ്ടാവുംഞാൻ എന്തിനാ ഇങ്ങനൊക്കെ കഷ്ടപ്പെടുന്നത്. ഞാൻ അവൾക്ക് നേരിട്ട് മെസ്സേജ് ചെയ്ത് പരിചയപ്പെട്ടാൽ പോരേന്ന്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പേടി... പൊരിഞ്ഞ പേടി. ആ പേടിക്കും ഉണ്ടൊരു ചെറിയ കാരണം.

പണ്ട് ഞാൻ പത്താം ക്ലാസിൽ പടിക്കുമ്പോ കാട്ടാപ്പനായിലെ ഹൃഥ്വിക് റോഷനെപ്പോലെ സുന്ദരനായിരുന്നു. ഇപ്പോഴും ആ സൗന്ദര്യത്തിന് കുറവൊന്നും ഇല്ലാന്ന് പലരും സ്വകാര്യം പറയുന്നത് ഞാൻ ഒളിഞ്ഞു കേട്ടിട്ടുണ്ട്. അവർക്കൊക്കെ കണ്ണിനെന്തെങ്കിലും കുഴപ്പണ്ടാവേർക്കുംലേ?

അങ്ങനെ പത്താം ക്ലാസിൽ പഠിക്കണ എനിക്ക് ഏഴാം ക്ലാസിൽ പടിക്കണ രഹന എന്ന് പേരുള്ള സുന്ദരി കുട്ടിയോട് പ്രേമം. പൊരിഞ്ഞ പ്രേമം. ഞാനവളുടെ കൂടെയും ബാക്കിലും ഒക്കെ നടക്കാൻ തുടങ്ങി. നടന്ന് നടന്ന് ഒരീസം ഞാനെന്‍റെ പരിശുദ്ധ പ്രണയം അവളോട് തുറന്ന് പറഞ്ഞു. അവളെന്നോട് ഇഷ്ട്ടം അല്ലാന്ന് പറഞ്ഞില്ല. ഉപ്പച്ചിനോട് ചോദിച്ച് നോക്കീട്ട് പറയാന്ന് പറഞ്ഞു. അല്ല അതിന് അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാനവളോട് പറഞ്ഞത് ഇങ്ങനായിരുന്നു. " രഹന എനിക്ക് നിന്നെ ഇഷ്ടമാണ്. ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ?". കല്യാണക്കാര്യം ഒക്കെ ഉപ്പനോട് ചോദിക്കണല്ലോലെ?.

ഓള് ചുമ്മാ പറഞ്ഞത് ആകും എന്നാണു ഞാൻ കരുതിയത്. അടുത്ത ദിവസം ഞാൻ മറുപടിയും പ്രതീക്ഷിച്ച് സ്‌കൂളിൽ പോയപ്പോൾ ആണ് മനസിലായത് ഓൾ ശരിക്കും പറഞ്ഞത് ആണെന്ന്. എന്‍റെ രഹനയും ഓളെ ബാപ്പച്ചിയും ഉണ്ടായിരുന്നു അവിടെ. സത്യം പറയാലോ അന്നെനിക്ക് നല്ല ദിവസമായിരുന്നു. ക്ലാസിൽ നിന്നെന്നെ പുറത്താക്കി. ഉപ്പാനെ വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞു. പിറ്റേ ദിവസം ഞാൻ ഉപ്പാനേം കൂട്ടി പോയി,പിന്നെ നടന്നതൊന്നും ഇവിടെ എഴുതാനോ പറയാനോ പറ്റില്ല.

അങ്ങനെ ആ അനശ്വര പ്രണയം അവിടെ വെച്ച് എല്ലാവരുംകൂടി മുളയിലേ നുള്ളിക്കളഞ്ഞു. പാവം ഞാൻ. അന്ന് മുതൽ തുടങ്ങിയതാണ് പേടി.

അപ്പോ പറഞ്ഞു വന്നത്... ആഡ് ചെയ്തവരൊക്കെ ചാറ്റ് ചെയ്ത് നല്ല ഫ്രണ്ടുക്കൾ ആയി.. ഞാൻ അവരോട് അവളെപ്പറ്റി പറഞ്ഞു. അവരുടെ നിർബന്ധം കാരണം ഞാൻ അവൾക്ക് മെസ്സേജ് അയക്കാൻ തീരുമാനിച്ചു. ഇതിനിടക്ക് അവളെ ഫോട്ടോ കണ്ട് കണ്ട് എനിക്കവളോടൊരു മുഹബത്തിന്റെ കൊടുമുടി കയറാൻ തുടങ്ങി. അങ്ങനെ രണ്ടും കല്പിച്ചു ഞാൻ അവൾക്കൊരു "ഹായ്" വിട്ടു. 2 ദിവസം മറുപടി ഒന്നും കണ്ടില്ല. അടുത്ത ദിവസം ഒരു മെസ്സേജ് കണ്ടു. തുറന്നു നോക്കിയപ്പോ അവൾ ഒരു "ഹലോ" അയച്ചിരിക്കുന്നു. ഞങ്ങൾ പരസ്പ്പരം പരിചയപ്പെട്ടു. അധികം വൈകാതെ തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി. പരിചയപ്പെട്ടപ്പോൾ അവളെ അടുത്തറിഞ്ഞപ്പോൾ അവളോടുള്ള ഇഷ്ടം കൂടി. അങ്ങനെ സ്വന്തം എഴുതിയതും കോപ്പി പേസ്റ്റ് ചെയ്തും ഒരുപാട് ലൗ മെസ്സേജുകൾ ഞാൻ അവൾക്ക് അയക്കാൻ തുടങ്ങി. അത് കാണുമ്പോ അവൾ ചിരിക്കും, എന്നല്ലാതെ ഒന്നും മിണ്ടിയില്ല. ഇനി എനിക്ക് അവളോടുള്ള ഇഷ്ട്ടം അറിഞ്ഞിട്ടും അറിയാത്തതായി നടിക്കുവാണോ അതോ അറിയാഞ്ഞിട്ടാണോ എന്നും എനിക്കൊരു സംശയം ഉണ്ടായിരുന്നു. ഞാസൻ മെസ്സേജ് അയക്കൽ തുടർന്നു.


"നിന്‍റെ സ്നേഹത്തിന് മുന്നിൽ എന്‍റെ സ്നേഹം ഒന്നുമല്ല.
ഞാൻ ആ സ്നേഹത്തിനു മുന്നിൽ വീണ്ടും വീണ്ടും ഒന്നും അല്ലാതായി പോകുന്നു.
നിനക്കും നിന്‍റെ സ്നേഹത്തിനും നിന്‍റെ സ്നേഹത്തിനും മുന്നിൽ തോറ്റു പോകുന്നു.
എങ്കിലും ആ തോൽവി ഞാൻ ഇഷ്ടപ്പെടുന്നു.
കാരണം അത് നിന്‍റെ മുന്നിൽ അല്ലെ...! നീ എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്..." (ഒന്നാം ക്ലാസിൽ പരീക്ഷ എഴുതി ജയിച്ചിട്ടും, വയസ്സ് തികഞ്ഞില്ല എന്നും പറഞ്ഞു രണ്ടിലേക്ക് ആക്കാതെ ഒന്നിൽ തന്നെ ഇരുത്തിയപ്പോ, ഒറ്റ ഇരുപ്പിൽ എപ്പിസോഡായി ഒരാഴ്ച ക്ലാസിൽ പോകാതെ കരഞ്ഞിരുന്ന ഞാനാണ് ഓളോട് ഇങ്ങനൊക്കെ പറഞ്ഞത്)
 ഇങ്ങനെയുള്ള പഞ്ചസാര ഒട്ടും കുറയാതെയുള്ള മെസ്സേജ് കൾ ഒക്കെ ഓൾക്ക് ഞാൻ തുരു തുരാന്ന് അയച്ചുകൊണ്ടിരുന്നു."

ചുരുക്കി പറഞ്ഞാൽ ഓഫീസിലെ വൈഫൈ മാത്രം ഉപയോഗിച്ച് കൊണ്ടിരുന്ന ഞാൻ ക്യാഷ് മുടക്കി നെറ്റ് ചെയ്യാൻ വരെ തുടങ്ങി.

സഹികെട്ട് ഒരു ദിവസം ഞാൻ രണ്ടും കല്പിച്ച് എന്‍റെ ഇഷ്ടം അവളോട് പറയാൻ തീരുമാനിച്ചു. അന്നെന്തോ ക്ലോക്ക് സ്പീഡ് കുറച്ച് ഓടുന്നപോലെയാണ് എനിക്ക് തോന്നിയത്. അവൾ ക്ലാസ് കഴിഞ്ഞ് വരാൻ സാധാരണയിലും നേരം വൈകുന്നതായി തോന്നി. അവസാനം കാത്തിരുന്ന പോലെ അവൾ വന്നു. അവൾ അന്ന് സന്തോഷത്തിൽ ആണെന്ന് ചാറ്റിംഗിനിടയിൽ എനിക്ക് മനസ്സിലായി. എന്നാൽ പിന്നെ ഗോൾ അടിക്കാൻ പറ്റിയ സമയം എന്ന് കരുതി ഞാൻ ബോൾ തട്ടാൻ തുടങ്ങി.


ഞാൻ : ദിലൂ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.

ദിലു : പറ ഇക്ക.

ഞാൻ : ഞാൻ പറയുന്നത് ഇഷ്ട്ടായില്ലേൽ എന്നോട് പിണങ്ങരുത്. എന്നെ ബ്ലോക്ക് ചെയ്യരുത്. നമ്മുടെ ഫ്രണ്ട്ഷിപ് പഴയ പോലെ തുടരണം. പ്രോമിസ് ചെയ്യ്.

ദിലു : ഇക്ക എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണ്. അത് എന്നും അങ്ങനെ തന്നെയാകും. പ്രോമിസ്

ഞാൻ : ദിലു എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്മാണ്. നിനക്ക് എന്നെ ഇഷ്ടമാണോ?

ദിലു : ഇക്ക തമാശ പറയാണോ? ഇക്കാക്ക് ഇത് എന്താ പറ്റിയെ?

ഞാൻ : തമാശയല്ല. കാര്യമായിട്ട് ചോദിച്ചതാണ്.

ദിലു : ഇഷ്ടം ഒക്കെ തന്നെയാണ്. പക്ഷേ കാര്യല്ല ഇക്ക. ഒരാഴ്ച മുൻപ് എന്‍റെ കല്യാണം ഉപ്പന്റെ ഫ്രണ്ട്ന്റെ മകനുമായി പറഞ്ഞു വെച്ചിരിക്ക. ഞാൻ ഇത് ഇക്കനോട് എങ്ങനെ പറയും എന്ന് കരുതി ഇരിക്കായിരുന്നു. ഉപ്പ ഗൾഫിൽ നിന്നും വന്നാൽ നിശ്ചയം ഉണ്ടാവും.

ഞാൻ : ഹും. സാരല്ല. ഞാൻ വെറുതെ ഒരു തമാശക്ക് പറഞ്ഞതാടി...

എന്നും പറഞ്ഞ് ഒരു സ്‌മൈൽ എന്റെ മുഖത്ത് തന്നെ ഫിറ്റ് ചെയ്ത ഒരു ഫോട്ടോ അവൾക്ക് എടുത്ത് അയച്ച് കൊടുത്തു.

ഓടിച്ചെന്നൊരു സ്റ്റാറ്റസും ഇട്ടു.

സ്വപ്നങ്ങളെ ഇനിയുമെന്നെ മോഹിപ്പിക്കാതിരിക്കുക....
എനിക്ക് കിട്ടാതെ പോയ മുന്തിരിക്കിന്നും മധുരം തന്നെയാണ്...

അത് പിന്നെ ഇപ്പോഴും അങ്ങനെ തന്നെ ആണല്ലോ ബ്രോ എന്ന് ഒരു ചുള്ളന്റെ കമന്റും വന്നു...



ശുഭം

(പഴയ ബ്ലോഗിൽ നിന്നും എടുത്തിട്ടത്)