Saturday, February 1, 2020

ആദി മോഹിച്ച സുറുമയെഴുതിയ കണ്ണ്

പരസ്പരം അറിയാതെ... പറയാതെ....
അറിഞ്ഞിട്ടും അറിയാത്തമട്ടിൽ...
പറഞ്ഞിട്ടും കേൾക്കാത്ത ഭാവത്തോടെ....
ചിലരിലെല്ലാം ഉണ്ടായിരിക്കും ഇതുപോലൊരു പ്രണയം...
മറ്റേതു പ്രണയത്തെക്കാളും, ഓർമ്മകൾ സുന്ദരമായി തോന്നുന്ന ചില നിമിഷങ്ങളും....

അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ഗൾഫ്കാരുടെ ഇഷ്ട ദിവസം. നാട്ടിലുള്ള ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അവരുടെ ഞായറാഴ്ച.എന്റെ ജീവിതത്തിൽ പല നല്ലകാര്യങ്ങളും നടന്ന ഒരു ദിവസം ആയത് കൊണ്ട് തന്നെ "വെള്ളിയാഴ്ച" എനിക്കേറ്റവും പ്രിയപ്പെട്ട ദിനമായി മാറി.

പതിവുപോലെ ആർക്കോ വേണ്ടി ഓഫീസിൽ പോയ ഒരു ദിവസം, വർക്കൊക്കെ കഴിഞ്ഞു ആരും കാണാതെ നേരെ ഫേസ്‌ബുക്കിൽ കയറി പുതുതായി വന്ന പോസ്റ്റുകൾക് ലൈക്കുകളും കമന്റുകളും വാരിക്കോരി കൊടുക്കുന്ന സമയം. അങ്ങനെ ഓരോന്നും കണ്ടും തിരിഞ്ഞും കൊണ്ടിരിക്കുന്ന സമയത്താണ് എന്റെ കണ്ണുകൾ ആ ഫ്രണ്ട്സ് സജ്ജഷന്റെ കീഴിൽ ഉണ്ടാക്കിയത്. പെൺ നാമത്തിലുള്ള ഒരു പ്രൊഫൈൽ, സുന്ദരമായൊരു നയനത്തിന്റെ പ്രൊഫൈൽ പിക്ച്ചറും. ആദ്യ കാഴ്ചയിൽ തന്നെ എന്റെ മനസ്സെന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു, അത് കൊണ്ടായിരിക്കണം രണ്ടാമതോന്നാലോചിക്കാതെ അവൾക് ഞാൻ സൗഹൃദ അപേക്ഷ കൊടുത്തത്. എന്താണെന്നറിയില്ല, സാധാരണ ഒരു പെൺകുട്ടിക്ക് റിക്വസ്റ്റ് അയച്ചാലുണ്ടാവുന്ന പതിവ് കോലാഹലങ്ങൾക് വിപരീതമായി അവളത് സ്വീകരിച്ചു. മനസ്സിൽ വീണ്ടും ഒരു ലഡ്ഡു പൊട്ടിയത്തിന്റെ മർമ്മരങ്ങൾ. ശരിയായിരുന്നു ഒരു ലഡ്ഡു പൊട്ടിയിരുന്നു. പൊട്ടണല്ലോ.അല്ലെ..???



മയിൽപ്പീലി കണ്ണിൽ സുറുമയെഴുതി. കൊലുങ്ങനെയുള്ള കയ്യിൽ കൈമുട്ടറ്റംവരെ മൈലാഞ്ചിയിട്ട് ഒരു സുന്ദരിക്കുട്ടി. ആ കണ്ണുകൾ കണ്ടാൽ ഞാനെന്നല്ല, വായ്നോട്ടം എന്ന കലയെ അന്യം നിന്നുപോകാതെ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന ഏതൊരുത്തനും ഒന്ന് നോക്കിപ്പോവും. അങ്ങനെ അവളുടെ "ടൈംലൈൻ" മുഴുവന്‍ കറങ്ങി നടന്നു, ഓരോ വിവരങ്ങളും ഞാൻ പെറുക്കി എടുത്തു, ഇനി അവളെ മാത്രമേ പെറുക്കി എടുക്കാനുള്ളൂ.

അങ്ങനെ അടുത്ത ഘട്ടത്തിലേക്കു കടന്നു, അവളെ ആകർഷിക്കാൻ അവളുടെ ഓരോ പോസ്റ്റിനും ഫോട്ടോകൾക്കും എല്ലാം "ലൈക്കും , കമന്റ്റും" വാരിക്കോരി കൊടുത്തു, ആ സമയത്താണ് എനിക്കീ ഫേസ്ബുക്കിനോട് ദേഷ്യം തോന്നിയത്,കാരണം ഒരാൾക് ഒരു പോസ്റ്റിനു ഒരു ലൈക് മാത്രല്ലേ കൊടുക്കാൻ പറ്റൂ. പക്ഷേ എന്റെ പെർഫോമൻസ് മോശമായത് കൊണ്ടാണോ എന്നറിയില്ല അവൾ അതൊന്നും തിരിഞ്ഞു നോക്കിയത് പോലും ഇല്ലെന്ന് തോന്നുന്നു.

പിന്നെ അവളെ പരിചയപ്പെടാനായി പൂതി. ഞാൻ പണ്ടേ ഒരു പേടിത്തൊണ്ടൻ ആയത് കൊണ്ട്, "മെസ്സേജ്" ചെയ്‌താൽ കുഴപ്പാകോ എന്നും, "ബ്ലോക്ക്" ചെയ്യോ എന്നും പേടിച്ച് ഒന്നും മിണ്ടാതെ അവളെ "പോസ്റ്റ്കളും" ഫോട്ടോകളും നോക്കി എന്‍റെ ആഗ്രഹവും ഉള്ളിലൊതുക്കി, ഏതാണ്ടോ പോകാൻ പോകുന്ന അണ്ണാനെപ്പോലെ ഇരുന്നു.

ഇരുന്ന് ഇരുന്ന് ചന്തിയിൽ വേര് മുളക്കും എന്ന് തോന്നിയപ്പോ ഇടക്ക് എണീറ്റ് നടന്നു. അപ്പോഴും അവസ്ഥക്ക് ഒരു മാറ്റവും ഇല്ലാട്ടോ. നേരത്തെ പറഞ്ഞപോലെത്തന്നെ. കുറച്ച് ദിവസങ്ങൾ അങ്ങനെ ഇരുന്നും നടന്നും നീങ്ങി. ഒന്ന് പരിചയപ്പെടാൻ പറ്റാത്തതിലുള്ള സങ്കടം എവിടെയൊക്കെയോ വിങ്ങുന്നുണ്ടായിരുന്നു. ഒരു പക്ഷെ ആ ദയനീയ മുഖം നിങ്ങളും കണ്ടിരുന്നെകിൽ, ഒന്ന്1 സമാധാനിപ്പിച്ചിട്ടെ പോവുള്ളായിരുന്നു. അത്രക്കും സങ്കടായിരുന്നു എനിക്ക്. സത്യമായിട്ടും....!

അവളെപ്പറ്റി എന്തെങ്കിലും ഒക്കെ അറിയാൻ വേണ്ടി, അതിനുവേണ്ടി മാത്രം അവളെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള മുഴുവൻ പെൺകുട്ടികൾക്കും ഞാൻ റിക്വസ്റ്റ് വിട്ടു (മുന്നറിയിപ്പ്‌: ഇനി എന്നെ തെറ്റിദ്ധരിച്ച് കോഴി എന്നൊന്നും വിളിക്കേണ്ടട്ടോ). വിട്ടവരിൽ കുറച്ച് പേർ ആഡ് ചെയ്തു. ബാക്കി ഉള്ളവർക്ക് അസൂയയാണെന്ന് തോന്നുന്നു. അവളെപ്പറ്റി ചോദിച്ച് അവർക്ക് മെസ്സേജ് അയച്ചു. കുറച്ച് മറുപടി ഒക്കെ വന്നു. പക്ഷെ എല്ലാം എന്നെ നിരാശിക്കുന്നതായിരുന്നു . ആർക്കും അവളെ അറിയില്ല. പിന്നെയും ഞാൻ സങ്കട കടലിൽ നീരാടിക്കൊണ്ടിരുന്നു. ഇപ്പോ നിങ്ങക്കൊക്കെ ഒരു തോന്നാലുണ്ടാവുംഞാൻ എന്തിനാ ഇങ്ങനൊക്കെ കഷ്ടപ്പെടുന്നത്. ഞാൻ അവൾക്ക് നേരിട്ട് മെസ്സേജ് ചെയ്ത് പരിചയപ്പെട്ടാൽ പോരേന്ന്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പേടി... പൊരിഞ്ഞ പേടി. ആ പേടിക്കും ഉണ്ടൊരു ചെറിയ കാരണം.

പണ്ട് ഞാൻ പത്താം ക്ലാസിൽ പടിക്കുമ്പോ കാട്ടാപ്പനായിലെ ഹൃഥ്വിക് റോഷനെപ്പോലെ സുന്ദരനായിരുന്നു. ഇപ്പോഴും ആ സൗന്ദര്യത്തിന് കുറവൊന്നും ഇല്ലാന്ന് പലരും സ്വകാര്യം പറയുന്നത് ഞാൻ ഒളിഞ്ഞു കേട്ടിട്ടുണ്ട്. അവർക്കൊക്കെ കണ്ണിനെന്തെങ്കിലും കുഴപ്പണ്ടാവേർക്കുംലേ?

അങ്ങനെ പത്താം ക്ലാസിൽ പഠിക്കണ എനിക്ക് ഏഴാം ക്ലാസിൽ പടിക്കണ രഹന എന്ന് പേരുള്ള സുന്ദരി കുട്ടിയോട് പ്രേമം. പൊരിഞ്ഞ പ്രേമം. ഞാനവളുടെ കൂടെയും ബാക്കിലും ഒക്കെ നടക്കാൻ തുടങ്ങി. നടന്ന് നടന്ന് ഒരീസം ഞാനെന്‍റെ പരിശുദ്ധ പ്രണയം അവളോട് തുറന്ന് പറഞ്ഞു. അവളെന്നോട് ഇഷ്ട്ടം അല്ലാന്ന് പറഞ്ഞില്ല. ഉപ്പച്ചിനോട് ചോദിച്ച് നോക്കീട്ട് പറയാന്ന് പറഞ്ഞു. അല്ല അതിന് അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാനവളോട് പറഞ്ഞത് ഇങ്ങനായിരുന്നു. " രഹന എനിക്ക് നിന്നെ ഇഷ്ടമാണ്. ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ?". കല്യാണക്കാര്യം ഒക്കെ ഉപ്പനോട് ചോദിക്കണല്ലോലെ?.

ഓള് ചുമ്മാ പറഞ്ഞത് ആകും എന്നാണു ഞാൻ കരുതിയത്. അടുത്ത ദിവസം ഞാൻ മറുപടിയും പ്രതീക്ഷിച്ച് സ്‌കൂളിൽ പോയപ്പോൾ ആണ് മനസിലായത് ഓൾ ശരിക്കും പറഞ്ഞത് ആണെന്ന്. എന്‍റെ രഹനയും ഓളെ ബാപ്പച്ചിയും ഉണ്ടായിരുന്നു അവിടെ. സത്യം പറയാലോ അന്നെനിക്ക് നല്ല ദിവസമായിരുന്നു. ക്ലാസിൽ നിന്നെന്നെ പുറത്താക്കി. ഉപ്പാനെ വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞു. പിറ്റേ ദിവസം ഞാൻ ഉപ്പാനേം കൂട്ടി പോയി,പിന്നെ നടന്നതൊന്നും ഇവിടെ എഴുതാനോ പറയാനോ പറ്റില്ല.

അങ്ങനെ ആ അനശ്വര പ്രണയം അവിടെ വെച്ച് എല്ലാവരുംകൂടി മുളയിലേ നുള്ളിക്കളഞ്ഞു. പാവം ഞാൻ. അന്ന് മുതൽ തുടങ്ങിയതാണ് പേടി.

അപ്പോ പറഞ്ഞു വന്നത്... ആഡ് ചെയ്തവരൊക്കെ ചാറ്റ് ചെയ്ത് നല്ല ഫ്രണ്ടുക്കൾ ആയി.. ഞാൻ അവരോട് അവളെപ്പറ്റി പറഞ്ഞു. അവരുടെ നിർബന്ധം കാരണം ഞാൻ അവൾക്ക് മെസ്സേജ് അയക്കാൻ തീരുമാനിച്ചു. ഇതിനിടക്ക് അവളെ ഫോട്ടോ കണ്ട് കണ്ട് എനിക്കവളോടൊരു മുഹബത്തിന്റെ കൊടുമുടി കയറാൻ തുടങ്ങി. അങ്ങനെ രണ്ടും കല്പിച്ചു ഞാൻ അവൾക്കൊരു "ഹായ്" വിട്ടു. 2 ദിവസം മറുപടി ഒന്നും കണ്ടില്ല. അടുത്ത ദിവസം ഒരു മെസ്സേജ് കണ്ടു. തുറന്നു നോക്കിയപ്പോ അവൾ ഒരു "ഹലോ" അയച്ചിരിക്കുന്നു. ഞങ്ങൾ പരസ്പ്പരം പരിചയപ്പെട്ടു. അധികം വൈകാതെ തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി. പരിചയപ്പെട്ടപ്പോൾ അവളെ അടുത്തറിഞ്ഞപ്പോൾ അവളോടുള്ള ഇഷ്ടം കൂടി. അങ്ങനെ സ്വന്തം എഴുതിയതും കോപ്പി പേസ്റ്റ് ചെയ്തും ഒരുപാട് ലൗ മെസ്സേജുകൾ ഞാൻ അവൾക്ക് അയക്കാൻ തുടങ്ങി. അത് കാണുമ്പോ അവൾ ചിരിക്കും, എന്നല്ലാതെ ഒന്നും മിണ്ടിയില്ല. ഇനി എനിക്ക് അവളോടുള്ള ഇഷ്ട്ടം അറിഞ്ഞിട്ടും അറിയാത്തതായി നടിക്കുവാണോ അതോ അറിയാഞ്ഞിട്ടാണോ എന്നും എനിക്കൊരു സംശയം ഉണ്ടായിരുന്നു. ഞാസൻ മെസ്സേജ് അയക്കൽ തുടർന്നു.


"നിന്‍റെ സ്നേഹത്തിന് മുന്നിൽ എന്‍റെ സ്നേഹം ഒന്നുമല്ല.
ഞാൻ ആ സ്നേഹത്തിനു മുന്നിൽ വീണ്ടും വീണ്ടും ഒന്നും അല്ലാതായി പോകുന്നു.
നിനക്കും നിന്‍റെ സ്നേഹത്തിനും നിന്‍റെ സ്നേഹത്തിനും മുന്നിൽ തോറ്റു പോകുന്നു.
എങ്കിലും ആ തോൽവി ഞാൻ ഇഷ്ടപ്പെടുന്നു.
കാരണം അത് നിന്‍റെ മുന്നിൽ അല്ലെ...! നീ എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്..." (ഒന്നാം ക്ലാസിൽ പരീക്ഷ എഴുതി ജയിച്ചിട്ടും, വയസ്സ് തികഞ്ഞില്ല എന്നും പറഞ്ഞു രണ്ടിലേക്ക് ആക്കാതെ ഒന്നിൽ തന്നെ ഇരുത്തിയപ്പോ, ഒറ്റ ഇരുപ്പിൽ എപ്പിസോഡായി ഒരാഴ്ച ക്ലാസിൽ പോകാതെ കരഞ്ഞിരുന്ന ഞാനാണ് ഓളോട് ഇങ്ങനൊക്കെ പറഞ്ഞത്)
 ഇങ്ങനെയുള്ള പഞ്ചസാര ഒട്ടും കുറയാതെയുള്ള മെസ്സേജ് കൾ ഒക്കെ ഓൾക്ക് ഞാൻ തുരു തുരാന്ന് അയച്ചുകൊണ്ടിരുന്നു."

ചുരുക്കി പറഞ്ഞാൽ ഓഫീസിലെ വൈഫൈ മാത്രം ഉപയോഗിച്ച് കൊണ്ടിരുന്ന ഞാൻ ക്യാഷ് മുടക്കി നെറ്റ് ചെയ്യാൻ വരെ തുടങ്ങി.

സഹികെട്ട് ഒരു ദിവസം ഞാൻ രണ്ടും കല്പിച്ച് എന്‍റെ ഇഷ്ടം അവളോട് പറയാൻ തീരുമാനിച്ചു. അന്നെന്തോ ക്ലോക്ക് സ്പീഡ് കുറച്ച് ഓടുന്നപോലെയാണ് എനിക്ക് തോന്നിയത്. അവൾ ക്ലാസ് കഴിഞ്ഞ് വരാൻ സാധാരണയിലും നേരം വൈകുന്നതായി തോന്നി. അവസാനം കാത്തിരുന്ന പോലെ അവൾ വന്നു. അവൾ അന്ന് സന്തോഷത്തിൽ ആണെന്ന് ചാറ്റിംഗിനിടയിൽ എനിക്ക് മനസ്സിലായി. എന്നാൽ പിന്നെ ഗോൾ അടിക്കാൻ പറ്റിയ സമയം എന്ന് കരുതി ഞാൻ ബോൾ തട്ടാൻ തുടങ്ങി.


ഞാൻ : ദിലൂ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.

ദിലു : പറ ഇക്ക.

ഞാൻ : ഞാൻ പറയുന്നത് ഇഷ്ട്ടായില്ലേൽ എന്നോട് പിണങ്ങരുത്. എന്നെ ബ്ലോക്ക് ചെയ്യരുത്. നമ്മുടെ ഫ്രണ്ട്ഷിപ് പഴയ പോലെ തുടരണം. പ്രോമിസ് ചെയ്യ്.

ദിലു : ഇക്ക എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണ്. അത് എന്നും അങ്ങനെ തന്നെയാകും. പ്രോമിസ്

ഞാൻ : ദിലു എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്മാണ്. നിനക്ക് എന്നെ ഇഷ്ടമാണോ?

ദിലു : ഇക്ക തമാശ പറയാണോ? ഇക്കാക്ക് ഇത് എന്താ പറ്റിയെ?

ഞാൻ : തമാശയല്ല. കാര്യമായിട്ട് ചോദിച്ചതാണ്.

ദിലു : ഇഷ്ടം ഒക്കെ തന്നെയാണ്. പക്ഷേ കാര്യല്ല ഇക്ക. ഒരാഴ്ച മുൻപ് എന്‍റെ കല്യാണം ഉപ്പന്റെ ഫ്രണ്ട്ന്റെ മകനുമായി പറഞ്ഞു വെച്ചിരിക്ക. ഞാൻ ഇത് ഇക്കനോട് എങ്ങനെ പറയും എന്ന് കരുതി ഇരിക്കായിരുന്നു. ഉപ്പ ഗൾഫിൽ നിന്നും വന്നാൽ നിശ്ചയം ഉണ്ടാവും.

ഞാൻ : ഹും. സാരല്ല. ഞാൻ വെറുതെ ഒരു തമാശക്ക് പറഞ്ഞതാടി...

എന്നും പറഞ്ഞ് ഒരു സ്‌മൈൽ എന്റെ മുഖത്ത് തന്നെ ഫിറ്റ് ചെയ്ത ഒരു ഫോട്ടോ അവൾക്ക് എടുത്ത് അയച്ച് കൊടുത്തു.

ഓടിച്ചെന്നൊരു സ്റ്റാറ്റസും ഇട്ടു.

സ്വപ്നങ്ങളെ ഇനിയുമെന്നെ മോഹിപ്പിക്കാതിരിക്കുക....
എനിക്ക് കിട്ടാതെ പോയ മുന്തിരിക്കിന്നും മധുരം തന്നെയാണ്...

അത് പിന്നെ ഇപ്പോഴും അങ്ങനെ തന്നെ ആണല്ലോ ബ്രോ എന്ന് ഒരു ചുള്ളന്റെ കമന്റും വന്നു...



ശുഭം

(പഴയ ബ്ലോഗിൽ നിന്നും എടുത്തിട്ടത്)






19 comments:

  1. ആഹാ. നല്ല രസം ഉണ്ടായിരുന്നു.. ലഡ്ഡു പൊട്ടിയതിന്റെ മർമ്മരം 😊

    ReplyDelete
    Replies
    1. ഹോ അതൊക്കെ ഒരു രസം. ആദ്യ വായനക്കും കമൻറിനും ഒരു പാട് നന്ദി

      Delete
  2. പ്രണയിച്ച് പ്രണയിച്ചങ്ങനെ ആദി പരിശുദ്ധനായിത്തുടങ്ങീ...

    ReplyDelete
    Replies
    1. ഇടക്ക് എനിക്കും തോന്നായിക ഇല്ല. പരിശുദ്ധൻ ആദി എന്നാക്കേണ്ടി വരോ പേര്?

      Delete
  3. കൊള്ളാമല്ലോ ... അക്ഷരതെറ്റുകൾ ഉണ്ട് തിരുത്തണം കേട്ടോ .....!!!

    ReplyDelete
  4. സുറുമ നിന്റെ വീക്നെസ് ആണല്ലേ..... പ്രയോഗം പൊളിച്ചു..... മയിൽപ്പീലി കണ്ണുകൾ.....
    ഏതായാലും ഒന്നുറപ്പാണ് കിട്ടാതെ പോയ പ്രണയത്തിന് ഒടുക്കത്തെ ലഹരിയാണ്..... എത്ര വർഷം കഴിഞ്ഞാലും പഴകാത്ത മുന്തിരിച്ചാറാണ്

    നല്ലെഴുത്തിന് നന്മകൾ നേരുന്നു

    ReplyDelete
    Replies
    1. സുറുമ ഇട്ട കണ്ണ് കാണാൻ തന്നെ ഒരു മൊഞ്ചാണ്. ഹൗ ഹൗ ബല്ലാത്ത ജാതി.

      ഏതായാലും ഒന്നുറപ്പാണ് കിട്ടാതെ പോയ പ്രണയത്തിന് ഒടുക്കത്തെ ലഹരിയാണ്..... എത്ര വർഷം കഴിഞ്ഞാലും പഴകാത്ത മുന്തിരിച്ചാറാണ്....
      അത് പിന്നെ പറയാനുണ്ടോ... അനുഭവിച്ച് തന്നെ അറിയണം.

      നന്ദി

      Delete
  5. വായിച്ചു തുടങ്ങിയപ്പോഴെ ഒരു തോന്നൽ. പണ്ട് എവിടെയോ...... പുതിയത് വരട്ടെ.

    ReplyDelete
    Replies
    1. വൈഖരി ബ്ലോഗിൽ ഇട്ടിരുന്നു.

      Delete
  6. സൂപ്പർ, ആദ്യ പ്രണയം.

    ReplyDelete
  7. തളരരുത് രാമൻകുട്ടീ തളരരുത് എന്നുമാത്രമേ പറയാനുള്ളൂ...... :-)

    ഒരു കളറിന് രണ്ടുവരി കവിതയും കിടക്കട്ടെ

    "നഷ്ട പ്രണയത്തിൻ ഓർമ്മപോൽ ഇത്രമേൽ
    മധുരിക്കും അനുഭൂതി വേറെയുണ്ടോ!!

    മഴപെയ്തു തോർന്നതിൻ ശേഷമൊരു ചെറുകാറ്റ്
    കവിളിൽ തലോടും തണുപ്പു പോലെ…
    നഷ്ടപ്രണയത്തിൻ ഓർമ്മ പോലിത്രമേൽ
    മധുരിക്കും അനുഭൂതി വേറെയുണ്ടോ!!"

    ReplyDelete
    Replies
    1. കവിതക്ക് മറുപടി: വേറെയില്ല.
      രാമൻകുട്ടി തളരില്ല, പൂർവ്വാതികം ശക്തിയോടെ തിരിച്ച് വരും

      Delete
  8. എന്താ പറയുക !! സ്നേഹം ട്ടാ

    ReplyDelete
    Replies
    1. അത് പറഞ്ഞാൽ മതി.
      ഇഷ്ടം

      Delete
  9. ഇത് പ്രണയകാലമാണ്... 
    പ്രണയാതുരമായ  അനുഭവങ്ങളും, 
    കാഴ്ച്ചപ്പാടുകളും,  കഥയും, കവിതയും 
    അത് പഴയതാണെങ്കിലും വീര്യം കൂടും
    എന്നതിനുദാഹരണമാണ് ഈ സുറുമ...

    ReplyDelete
    Replies
    1. 3 വർഷം മുൻപെഴുതിയ സുറുമ. ഇപ്പഴും അങ്ങനെ തന്നെ നിൽക്കുന്നു.
      ഇഷ്ട്ടം

      Delete
  10. ആദിയേ... പ്രണയനുറുമ്പുകൾ അരിക്കുന്ന ബ്ലോഗാണ് ലോ.. കൊള്ളാം കൊള്ളാം...

    ReplyDelete