Thursday, January 16, 2020

എന്‍റെ പ്രണയം....

'സ്കൂളില്‍ പഠിക്കണ കാലത്ത് പതിവ് പോലെ ഒരു ഇന്‍റെര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന ഞാനും നടകയറി ഓടിപ്പോവുകയായിരുന്ന അവളും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്ന് മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം. വീഴ്ച്ചയുടെ ഓര്‍മ്മക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാട് വീണു. അതോടെ അവളുടെ സൌന്തര്യം മുഴുവന്‍ പോയി എന്ന് അവളുടെ ഉമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നത് ഞാന്‍ കേട്ടു.


ഞാനെന്തു ചെയ്യാന്‍? ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അത് ചെയ്തില്ല.


അവളുടെ സൗന്ദര്യം എന്ന് പറയണ ആ സാധനണ്ടല്ലോ അതിനെക്കുറിച്ച് അന്ന് എനിക്ക് വല്യ പിടി ഉണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞു പോയി എന്ന് അവളുടെ ഉമ്മ പറഞ്ഞതിനാലാവണം അവള്‍ക്ക് കുറഞ്ഞ തോതിലെങ്കിലും സൗന്ദര്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട് എന്ന് ഞാനങ്ങു വിശ്വസിച്ചു.

അവിടെയായിരിക്കണം തുടക്കം.


പപ്പടം പോലെ നെറ്റിയുടെ വലതുഭാഗത്ത്‌ ഒരിക്കലും മായാത്ത പാടായി വീണ ആ മുറിവുണ്ടല്ലോ... അതായിരുന്നു എന്‍റെ പ്രണയം... അതിന്‍റെ വേദനയും നീറ്റലും മാറിക്കഴിഞ്ഞ് അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്ന് മുതല്‍ ഞാന്‍ അവളെ പ്രേമിക്കാന്‍ തുടങ്ങി. എനിക്കല്ലാതെ അന്ന് കൂടെപടിക്കണ വേറൊരുത്തനും അന്ന് പ്രേമം എന്തെന്ന് അറിയില്ലായിരുന്നു. അത് കൊണ്ട് ആണോന്ന്‍ അറിയില്ല എനിക്ക് എന്നോട് തന്നെ വല്ലാത്ത സ്നേഹവും ബഹുമാനവും ഒക്കെ തോന്നി. പക്ഷേങ്കി ഓള്‍ക്ക് എന്നോട് ഇല്ലാത്തതും അതായിരുന്നു.


അന്നത്തെ ആ കൂട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ട് പോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രമിച്ചായി അവളെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളെ നെറ്റിയിലുള്ളതിനേക്കാള്‍ വലിയ മുറിപ്പാടുണ്ടാക്കി.


ആ മുറികളില്‍ നിന്നും ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍പോലും അറിയാതെ. അതങ്ങനെ വളര്‍ന്ന് വളര്‍ന്ന്‍ പാഷന്‍ ഫ്രൂട്ടിന്‍റെ വള്ളി പടര്‍ന്ന്‍ പന്തലിക്കണ പോലെ പന്തലിച്ചു. ഇനിയെന്നീ ചെമ്പകം പുഷ്പിക്കും എന്നറിയാതെ ഞാന്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ നടന്നു.


മിക്സഡ്‌ സ്കൂളിന്‍റെസ്വാതന്ത്ര്യങ്ങളില്‍ നിന്ന് ആണ്‍കുട്ടികളും പെണ്‍ കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലെക്ക് പഠനം മാറിയപ്പോള്‍ ആയിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്. അവളെ എങ്ങനെയെങ്കിലും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത അജണ്ട.


തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ. എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നും അവള്‍ക്ക് വേണ്ടി ഞാന്‍ പ്രണയലേഖനം എഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക് നല്‍കി പോരുകയും ചെയ്തു.


ആഴ്ചകളും മാസങ്ങളും അത് തുടര്‍ന്നു. ഞാന്‍ അങ്ങോട്ട് കൊടുത്ത പ്രണയ ലേഖനങ്ങളുടെ എണ്ണം 100 തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി. രണ്ടും കല്‍പ്പിച്ച് വീട്ടിലേക്ക് ഓടിയ ഞാന്‍ പുസ്തകം എവിടേയോ വലിച്ചെറിഞ്ഞു. റൂമില്‍ പോയിരുന്ന് ആ വിശുദ്ധ ലേഖനം ഞാന്‍ പൊട്ടിച്ചു. ആര്‍ത്തിയോടെ അതില്‍ നോക്കിയ എനിക്ക് ഒരേയൊരു വാജകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെ ആയിരുന്നു.


മേലാല്‍ എന്‍റെ പുറകെ നടക്കരുത്.............!


അതൊരു മുന്നറിയിപ്പായി എനിക്ക് തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കത് കൈമാറി. ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്, വായിക്കുമല്ലോ? അവള്‍ വായിച്ചുകാണും. അതിങ്ങനെയായിരുന്നു...


"നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം.....!"

അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളചെടുക്കുകയെന്ന ദുഷ്ക്കരമായ ആ കടമ്പ ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നുതന്നെ പറയാം. വളച്ചെടുത്ത് കഴിഞ്ഞ് പിന്നെ മേയ്ചോണ്ട് നടക്കാനായിരുന്നു അതിലും പാട്. വല്ലാതെ ബുദ്ധിമുട്ടി. പെടാപ്പട്പെട്ട് കഴിഞ്ഞ ആറേഴ് വര്ഷം ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചു.








ഏല്ലാ പ്രണയങ്ങളുടെയും അവസാനം നടക്കുന്ന ട്രാജടിപോലെ ഞങ്ങളും കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെതന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷെ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ട് സംരക്ഷിച്ച് പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം കല്യാണം കഴിച്ചേ തീരൂ....


അവളുടെ വീട്ടില്‍ കല്ല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്മാരുടെ കല്ല്യാണം പോലും ആലോജിച്ചു തുടങ്ങിയിട്ടില്ല. അവളെ ഉപ്പ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളേജില്‍ പോക്കുനിന്നു. എന്നും കട്ടന്‍ കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ ചമഞ്ഞ് ചെന്ന് നില്‍ക്കാനും, പിന്നെ ആട്ടിന്‍കൂടിനടുത്ത് വെച്ച് നടക്കുന്ന സൗഹൃദ അഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി. എനിക്കായിരുന്നു തിരക്കേറെ, എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ധേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കി പോന്നു.


പടച്ചവനു നന്ദി. ഈ പടച്ചവന്‍ തന്നെയായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ. അവളുടെ ഉപ്പ ഇറച്ചി വെട്ടുകാരന്‍ റഷീദിക്കാക്ക് മുന്നില്‍ ഞാന്‍ വെറും പുഴുവായിരുന്നു സ്വന്തമായി ജോലിയും കൂലിയും ഇല്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണ് തരില്ല എന്നതായിരുന്നു അവസ്ഥ. ഈ ദുരവസ്ഥയില്‍ പല വഴിക്ക് മണിയടിക്കാന്‍ നോക്കിയിട്ടും പടച്ചവന്‍ കനിഞ്ഞില്ല.


അവളുടെ സമ്മതമില്ലാതെ അവളെ കല്യാണം ഉറപ്പിച്ചു. അവള്‍ കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്ക് പൊട്ടി. ഇനിയിപ്പോ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിന് മുന്‍പ് ഒഫീഷ്യലായി അവളെ വീട്ടില്‍ പോയി പെണ്ണ് ചോദിക്കണം. അതിനും മുന്‍പ് എന്‍റെ വീട്ടില്‍ കാര്യം അറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ ഉപ്പ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകും എന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ഞാനവളോട് അങ്ങനെ പറഞ്ഞദ്.


"നമുക്ക് ആത്മഹത്യ ചെയ്യാം..............!"


പണ്ടാറമടങ്ങാന്‍ അവളും അത് സമ്മതിച്ചു. പിന്നെ എങ്ങനെ മരിക്കണം എന്നായി ചര്‍ച്ച. തൂങ്ങിച്ചാകാന്‍ അവള്‍ക്ക് പേടിയായിരുന്നു, എനിക്കും. വിഷം കഴിച്ചാല്‍ മരിക്കും എന്നുറപ്പില്ല. കടലില്‍ ചാടിയാലും അത് തന്നെ സ്ഥിതി. ആ സ്ഥിതിക്ക് ട്രെയിനിനു തലവെച്ചു ചാകുകയാണ് ഉചിതമായവഴി എന്നവള്‍ പറഞ്ഞു. അതാവുമ്പോള്‍ ഒരു സെക്കന്‍റില്‍ തീരുമാനം ആകും.




മനസ്സില്ലാ മനസ്സോടെ ഞാനും സമ്മതിച്ചു. ട്രെയിന്‍ വരുന്ന വരെ പാളത്തില്‍ തലവെച്ചു കിടക്കുന്നത് വല്ലവരും കണ്ടാല്‍?? തലവെച്ച് കിടക്കുന്നതൊക്കെ പഴയ സ്റ്റയില്‍ ആണെന്നും ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ട് ചാടുന്നതാണ് പുതിയ സ്റ്റയില്‍ എന്നും അവള്‍ തിരുത്തി തന്നു. പിന്നെ ഒന്നും ആലോജിക്കാനുണ്ടായിരുന്നില്ല. നല്ലവണ്ണം പ്രാര്‍ഥിച്ച് കൂകിപാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.










ഡും....!!!

ഞങ്ങളും മരിച്ചു.

പത്ത് സെക്കന്‍റെടുത്ത് ഞങ്ങള്‍ സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തില്‍ കയറി മുബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന്‍ അപ്പോള്‍ ആണ് മനസ്സിലായത്.


ചെന്നപാടെ ദൈവത്തെ കേറി കണ്ടു.

ഭൂമിയില്‍ ഒരുമിച്ച് ജീവിക്കാന്‍ ഒരു നിവര്‍ത്തിയും ഇല്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വെച്ച് ഞങ്ങളുടെ കല്യാണം നടത്തി തരണം.


ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.


"ശരി ഒരു വര്‍ഷം ഇതിലെ പ്രേമിച്ച് നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ അതു കഴിഞ്ഞാവാം കല്യാണം" . ദൈവം റൊമാന്റിക്കായ കക്ഷിയാണെന്ന് മനസ്സിലായി. ചുമ്മാ അടിച്ചു പൊളിച്ചോളാനും പറഞ്ഞ് ഒരു വര്‍ഷത്തെ ഒഫറാണ് തന്നിരിക്കുന്നത്.


പിറ്റേന്ന് മുതല്‍ പരിപാടി തുടങ്ങി.


രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ച കഴിഞ്ഞ് വൈകീട്ട് മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം. ആദ്യഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു.പിന്നെ പതിയെപ്പതിയെ ബോറഡി തുടങ്ങി.


പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാല് വര്‍ത്തമാനം പറയുന്നതിനിടക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും ആവളുടെ ഉപ്പനെയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്ന്‍ സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.


എന്നിരുന്നാലും ദൈവം എന്ത് വിചാരിക്കും അവള്‍ എന്ത് വിചാരിക്കും എന്ന് കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു, അവളും.

എത്രകാലം ഇത് സഹിക്കും? പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍, അവളാണേല്‍ മുന്‍ശുണ്ടിക്കാരി. ഇത്രയുംകാലം ഇതൊന്നും പുറത്ത്‌ വന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണിപോലെ അവള്‍ കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നുവെച്ചാല്‍......


എനിക്കാ ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അത് പുറത്ത് കാട്ടിയില്ല. അവളെന്തു വിചാരിക്കും?!!.... അവളൊന്നും വിജാരിക്കില്ലെന്ന് മനസ്സിലായത് പിന്നീടൊരുദിവസം ആയിരുന്നു. എന്തോ പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ച്കളഞ്ഞു.


പിന്നെയൊരു ഭീഷണിയും." ഇനി മേലാല്‍ എന്‍റെ പിന്നാലെ നടക്കരുത്!!!!"


നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നുപറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടി പോകും!!!


പിറ്റേന്ന് ഞാനും അവളും കൂടി ദൈവത്തെ ചെന്ന് കണ്ടു.


"എന്ത് പറ്റി? ആറുമാസമല്ലേ ആയുള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ?"

ചിരിച്ചുകൊണ്ട് ദൈവം ചോദിച്ചു.


കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു. "കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.... ഇതൊന്നു തലേന്നു ഒഴിവാക്കി തന്നാല്‍ മതി......!!! "

17 comments:

  1. ഇത് ഞാൻ നേരത്തെ എവിടെയോ വായിച്ചിരുന്നല്ലോ...


    അനിവാര്യമായ പ്രണയദുരന്തം.

    ReplyDelete
    Replies
    1. ലാബൽ ശ്രദ്ധിച്ചില്ലേ? വൈഖരിയിൽ നിന്നും പറച്ച് നട്ടതാണ്

      Delete
  2. വെറൈറ്റി പ്രണയകഥ

    ReplyDelete
  3. അന്ന് െചെമ്പകം നട്ട സമയത്ത് ഒരു വാഴ െവെച്ചു കൂടായിരുന്നോ പഹയാ. ഇനിയിപ്പ പറഞ്ഞിട്ടു കാര്യമില്ല.
    എളുപ്പവഴിയാണന്ന് പറഞ്ഞ് ആൾക്കാരെ െടെയിന് മുന്നിലേക്ക് പറഞ്ഞു വിടണ ഏർപ്പാട് ഇന്നെത്തെ െകെകണ്ട് നിർത്തണം.
    രണ്ട് അക്ഷരത്തെറ്റ് ബാക്കിയെല്ലാ അക്ഷരവും കൂട്ടി വായിച്ചാൽ ഉഗ്രൻ

    ReplyDelete
    Replies
    1. അക്ഷരത്തെറ്റ് തിരുത്തേണ്ട സ്ഥലം പറഞ്ഞ് തരൂ. തിരുത്താം.
      വാഴ എന്നെഴുതിയാൽ ക്ലീഷേ എന്ന് പറയും അതാണ് ചെമ്പകം ആക്കിയത്.
      പിന്നെ ഇന്നി ട്രെയിനിന് മുൻപിലേക്ക് ആളെ വിടില്ലട്ട. നന്ദി

      Delete
  4. പ്രണയം ദുരന്തത്തിൽ വീണിതല്ലോ കിടക്കുന്നു ...

    ReplyDelete
    Replies
    1. ഇത് മുൻപ് പോസ്റ്റിയിരുന്നു. ആ ബ്ലോഗിലും ചേട്ടൻ വന്നിരുന്നു. നന്ദി

      Delete
  5. ടാ ഞാൻ ഇതൊക്കെ ഇപ്പഴാണ്കാണുന്നത് ട്ടാ.നീ കാണുന്ന പോലെ അല്ലല്ലോ..സംഭവം തീ പാറി ട്ടാ.
    ദെയ്‌വെത്തെ വച്ചുള്ള കളിയാ കളിച്ചത്.
    ഗുണപാഠം ബോധിച്ചു.
    സലാം

    ReplyDelete
    Replies
    1. ദൈവം' മ്മളെ ചങ്ക് ബ്രോയാണ്. വിളിച്ചാൽ വിളിപ്പുറത്ത് എത്തും.
      വല്ല റക്കമന്റേഷനും വേണേൽ ചോദിക്കാൻ മടിക്കണ്ട.

      Delete
  6. ബ്ലോഗിൽ വരാൻ താമസിച്ചു. കുറച്ച് തിരക്കിലായത് കൊണ്ടായിരുന്നു. രാവിലെ കുറച്ച് സമയം കിട്ടി. കുറച്ചധികം ബ്ലോഗുകൾ വായിച്ചു. ഒപ്പം ആദി കുട്ടന്റെ ബ്ലോഗിലും എത്തി. എത്ര രസമായാ എഴുതിയിരിക്കുന്നത്. കുറെ ചിരിച്ചു. അധികമായാൽ എന്തും ബോറാകും.

    ReplyDelete
    Replies
    1. ഇത് ബോറായി എന്നാണോ ഉദ്ദേശിച്ചത്.
      അതോ ചിരി അധികമായാലുള്ള കാര്യമോ?

      നന്ദി

      Delete
  7. ഗുണപാഠം: അധികമായാൽ അമൃതം. വിഷം! ഒരു കൊല്ലത്തെ ഓഫർ പോലും തികയ്ക്കാൻ പറ്റിയില്ല. അപ്പോൾ പിന്നെ ജീവതവസാനമോ? ഹോ! അല്ലല്ലോ സ്വർഗ്ഗത്തിൽ ചിരംജ്ജീവികളാണല്ലോ! ഇക്കണക്കിനു കഷ്ടപ്പെടും. ഭാരം തലേന്ന് ഇറക്വത്തന്നെ ഭേദം! ആശംസകൾ

    ReplyDelete
    Replies
    1. വായനക്കും കമന്റിനും ഒരുപാട് നന്ദി

      Delete
  8. 'പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം.....' എന്ന പാട്ടെഴുതിയത് തന്നെ ഈ പോസ്റ്റ് വായിച്ചിട്ടാണോ എന്നൊരു സംശയം!!!

    ReplyDelete
    Replies
    1. അങ്ങനേം ഒരു പാട്ടുണ്ടോ സഹോ?

      Delete
  9. ആദിയേ വായിച്ചതിൽ ഏറ്റവും കിടു പോസ്റ്റ് ഇതാട്ടോ.. പെരുത്തിഷ്ടമായി

    ReplyDelete